നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായുള്ള അനുബന്ധ കുറ്റപത്രം ഇന്ന് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. മൂന്നൂറ്റിയമ്പതോളം സാക്ഷി മൊഴികളും നാനൂറ്റിയമ്പതിലേറെ രേഖകളും കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പള്‍സര്‍സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് വിവരം. കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ആകെ 11 പ്രതികളുളള അന്തിമ റിപ്പോര്‍ില്‍ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്തും. നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാല്‍ ഇത് കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ദിലീപിനെ എട്ടാംപ്രതിയാക്കുകയായിരുന്നു. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാംപ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും. അതിനിടെ, കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. വിദേശയാത്രക്ക് നാലുദിവസത്തെ ഇളവാണ് കോടതി അനുവദിച്ചിട്ടുള്ളത്. ആറു ദിവസത്തിനകം പാസ്‌പോര്‍ട്ട് തിരികെ നല്‍കണം. വിസ രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ‘ദേ പുട്ട്’ റസ്‌റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദുബായിലേക്ക് പോകാനാണ് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയില്‍ ഇളവുനല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി തള്ളുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.

Top