നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നടത്തിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ നടപടികള്‍ നീട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി കണ്ടെത്തി.

ഏത് ഏജന്‍സി അന്വേഷിക്കണമെന്നു പ്രതിക്ക് ആവശ്യപ്പെടാനാകില്ല. പൊലീസ് അന്വേഷണം പക്ഷാപാതപരമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ കേസില്‍ കുടുക്കിയതെന്ന വാദവും കോടതി തള്ളി. ഈ കേസിലെ വിഡിയോ ദൃശ്യങ്ങളടങ്ങിയ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി അടുത്തമാസം വാദം കേള്‍ക്കും.

Top