
കേരളത്തില്‍ വില്‍ക്കുന്ന ശര്‍ക്കരയില്‍ ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍ ബി കണ്ടെത്തിയിട്ടും അടിയന്തര നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടന്ന് പറയുന്പോഴും ഇത്തരം ശര്‍ക്കരകള്‍ കേരള വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോലുമായിട്ടില്ല. തമിഴ്നാട്ടിലെ പളനി, ദിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നിറം കലര്‍ത്തിയ ശര്‍ക്കര കൊണ്ടുവരുന്നത്.
തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബിയാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നു. കഴിഞ്ഞ മാസം 27ന് കേരളത്തിലെ വിവിധ നഗരങ്ങളിലെ കടകളില്‍ നിന്ന് ശര്‍ക്കര സാമ്പിളുകള്‍ ശേഖരിച്ച് അധികൃതര്‍ പരിശോധന നടത്തി. ഒരു മാസം കഴിഞ്ഞിട്ടും മായം കലര്‍ന്ന ശര്‍ക്കരകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിനോ നിയമനടപടികള്‍ സ്വീകരിക്കുന്നതിനോ ഇതുവരെ സാധിച്ചിട്ടില്ല.
നടപടികള്‍ നടന്നുവരികയാണെന്നാണ് ഭക്ഷ്യസുരക്ഷാ ജോയിന്‍റ് കമ്മീഷണറുടെ പ്രതികരണം. തമിഴ്നാട്ടില്‍ നിന്നുള്ള മായം കലര്‍ന്ന ശര്‍ക്കര തടയാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മറ്റ് പരിശോധനകളിലാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നത്.