തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത നടപടി കിരാതവും കോടതിവിധിയുടെ ലംഘനമാണെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. അഴിമതിയും കള്ളത്തരങ്ങളും കണ്ടാല്‍ നിശബ്ദമായിരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പോലീസിനെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമം ഏകാധിപതിയായ ഹിറ്റ് ലറിന്റെ ഭരണകാലമാണ് ഓര്‍മ്മിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് മിക്ക ഓണ്‍ലൈന്‍ ചാനലുകളും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓണ്‍ലൈന്‍ ചാനലുകളെ നിയന്ത്രിക്കുവാന്‍ കഴിയില്ല. അതുകൊണ്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ കള്ളക്കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യുവാനുള്ള നടപടിയുമായി കേരള സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്‌മെന്റ്കളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്‌സാണ്ടര്‍ (വി.സ്‌കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്‌സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്.ശ്രീജിത്ത് (റൌണ്ടപ്പ് കേരള), എക്‌സിക്യുട്ടീവ് അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്‌ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.
എതെങ്കിലും കേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യണമെങ്കില്‍ 10 ദിവസം മുമ്പ് രേഖാമൂലം നോട്ടീസ് നല്‍കി വേണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പോലീസിന്റെ നടപടി. കൊച്ചി സിറ്റി പോലീസിന്റെ നേത്രുത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാജന്‍ സ്‌കറിയ കമ്പിനി രജിസ്‌ട്രേഷന്‍ ചെയ്ത സമയത്ത് തെറ്റായ വിവരം നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിണറായിസം തുലയട്ടെ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഷാജന്‍ സ്‌കറിയ പോലീസ് ജീപ്പിലേക്ക് കയറിയത്. പോലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ചുകൂടിയ ജനങ്ങളും മറുനാടന്‍ ജീവനക്കാരും ഷാജന്‍ സ്‌കറിയക്ക് പിന്തുണയുമായി മുദ്രാവാക്യം ഏറ്റുവിളിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാന്‍ എത്തിയതായിരുന്നു ഷാജന്‍ സ്‌കറിയ. ഈ സമയം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തൃക്കാക്കര പോലീസ് നിലമ്പൂരില്‍ എത്തുകയായിരുന്നു. പിന്നാലെ കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘവും നിലമ്പൂരില്‍ എത്തുകയായിരുന്നു.