രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ രണ്ടാംക്ലാസുകാരനായ ഏഴുവയസുകാരന്റെ തലയോട്ടി പൊട്ടി. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. നാലുവയസുകാരനായ ഇളയകുട്ടിയുടെ ദേഹത്തും മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. മൂത്തകുട്ടി ഇപ്പോള്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ഇളയ സഹോദരനെയും (നാല്) മാതാവിന്റെ സുഹൃത്ത് ആക്രമിച്ചതായി പോലീസ് പറഞ്ഞു.
ഇയാളുടെ മര്‍ദനത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്. തുടര്‍ന്ന് ഇളയ കുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുട്ടികളെ മര്‍ദിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് എന്ന യുവാവിനെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് മാതാവും കൂടെ താമസിക്കുന്ന യുവാവും ചേര്‍ന്ന് കുട്ടിയെ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടി കട്ടിലില്‍ നിന്ന് വീണ് തലയ്ക്കു പരിക്കേറ്റതാണെന്നാണ് അരുണും കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നി ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്ക് മാത്രമല്ല ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും പരിക്കേറ്റതായി മനസിലായി. തുടര്‍ന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെയും ശിശു ക്ഷേമ സമിതിയെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചു.
ഇളയ മകനെ അയല്‍പക്കത്തെ വീട്ടിലാക്കിയിട്ടാണ് മാതാവും സുഹൃത്തും ആശുപത്രിയില്‍ പോയത്. നാലു വയസുകാരനായ ഈ കുട്ടിയുടെ ശരീരത്തും മര്‍ദനത്തിന്റെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇളയ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ജ്യേഷ്ഠന് മര്‍ദനമേറ്റെന്ന് പറഞ്ഞതായി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമത്തിനും കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ഗുരുതരമായ നിലയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കുട്ടിയുടെ അമ്മയും അവിടെയാണ്. അതിനാല്‍ അവരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്‍പിച്ചു. യുവതിയുടെ ആദ്യ ഭര്‍ത്താവ് 10 മാസം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു.
ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചതായും പറയുന്നു. തൊടുപുഴ കുമാരമംഗലത്തിന് സമീപമാണ് ഇവര്‍ താമസിക്കുന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്നാണ് സംശയിക്കുന്നത്. അതേസമയം, കുട്ടിയുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എന്ത് ചികില്‍സ നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികില്‍സ ഉറപ്പാക്കും. കുട്ടിയെ മര്‍ദിച്ച ആള്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.