കന്യാസ്ത്രീ മഠങ്ങളില്‍ ബാലവേല: പത്ത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളില്‍ ബാലവേലയ്ക്കായി എത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഒഡിഷയില്‍ നിന്ന് കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പത്തു പെണ്‍കുട്ടികളെയാണ് രക്ഷിച്ചത്. മനുഷ്യക്കടത്തിന്റെ ഏജന്റുമാരെന്ന് സംശയിക്കുന്ന മൂന്നു പുരുഷന്‍മാരെയും ഒരു സ്ത്രീയെയും റയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറുപേരെ ട്രെയിനിലും നാലുപേരെ തൃശൂര്‍ റെയില്‍വേ പ്ളാറ്റ്ഫോമിലുമാണ് കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ഇവരില്‍ എട്ടുപേരെ പൂത്തോളിലെ സ്നേഹിത കേന്ദ്രത്തിലേക്കും രണ്ടുപേരെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. പെണ്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണ്.ഇന്നലെ 9 മണിയോടെ തൃശൂരിലെത്തിയ ഹൈദരാബാദ്-കൊല്ലം ട്രെയിനിലാണ് ആറു കുട്ടികളെ സംശയാസ്പദമായി കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കയറി. ചോദ്യം ചെയ്യലില്‍ കോട്ടയത്തെ കോണ്‍വെന്റില്‍ ജോലിക്ക് കൊണ്ടുപോവുകയാണെന്ന് കൂടെയുള്ള സ്ത്രീയും രണ്ടു പുരുഷന്‍മാരും പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡില്‍ പ്രായം 18ന് താഴെയാണെന്ന് കണ്ടതോടെ ഇവരെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ആലുവയില്‍ ഇറക്കി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇതിനു പിന്നാലെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം ഒരു കന്യാസ്ത്രീയോടൊപ്പം രണ്ടു പെണ്‍കുട്ടികളെ കണ്ടത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.

ഇരിങ്ങാലക്കുട മാപ്രാണം കോണ്‍വെന്റിലെ അടുക്കള ജോലിക്കാരിയാണ് ഈ കുട്ടി. പിന്നാലെ രണ്ടു കന്യാസ്ത്രീകള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയെക്കൂടി കണ്ടെത്തി. വൈകിട്ടാണ് മറ്റ് രണ്ടുപേരെ റെയില്‍വേ സ്റ്റേഷനില്‍ തന്നെ കണ്ടെത്തിയത്. ആലുവയില്‍ ഒരു ചേച്ചിയുടെ വീട്ടുജോലിക്ക് പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. പൊലീസിന് കൈമാറിയവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഭാഷ പ്രശ്നമായതാണ് കാരണം.

വിയ്യൂരിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് കുട്ടികളെ കൊണ്ടുവന്നതിന് പിറകെ അവരുടെ ഫോണിലേക്ക് കോട്ടയത്തെ കന്യാസ്ത്രീയുടെ വിളിയെത്തി. രണ്ടു മണി വരെ കാത്തു നിന്നു. നിങ്ങള്‍ എവിടെയാണെന്നായിരുന്നു ചോദ്യം. ഫോണ്‍ എടുത്ത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കോട്ടയത്തെ രണ്ട് കോണ്‍വെന്റിലേക്കാണ് കുട്ടികളെ കൊണ്ടുവരുന്നതെന്ന് കന്യാസ്ത്രീ പറഞ്ഞു. ആവശ്യപ്പെട്ടാല്‍ കുട്ടികളെ എത്തിക്കുന്ന ആള്‍ ഉണ്ടെന്നും അങ്ങനെയാണ് റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നതെന്നും അവര്‍ പറഞ്ഞു.

ഹൗസ് കീപ്പിംഗ്, എംബ്രോയ്ഡറി വര്‍ക്ക് എന്നിവ പഠിപ്പിക്കാനെന്ന പേരിലാണ് കുട്ടികളെ മഠങ്ങളിലേക്ക് കൊണ്ടുവരുന്നത്. അടുക്കളപ്പണിയും മറ്റുമാണ് ജോലി. മാസം ആറായിരം രൂപയാണ് ശമ്പളം. രാവിലെ അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെയാണ് ജോലി. നിരവധി കോണ്‍വെന്റുകളില്‍ ഒഡിഷയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്നുണ്ട്.

Top