ഇലക്ഷനില്‍ തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരായി നടപടിയുണ്ടാവില്ലെന്ന വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ഥി. ശോഭാ ചൗഹാന്‍ ആണ് ശൈശവ വിവാഹത്തെ പ്രാത്സാഹിപ്പിക്കുന്ന നിലപാട് വെളിപ്പെടുത്തിയതിലൂടെ വിവാദത്തിലായിരിക്കുന്നത്.
രാജസ്ഥാനിലെ സോജത് നിയോജകമണ്ഡലത്തിലത്തിലാണ് ശോഭാ ചൗഹാന്‍ മത്സരിക്കുന്നത്. തനിക്ക് വോട്ട് നല്‍കി വിജയിപ്പിച്ചാല്‍ ശൈശവ വിവാഹത്തിനെതിരെ പോലീസ് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്നാണ് ശോഭാ ചൗഹാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്. നമുക്ക് അധികാരവും ഭരണസംവിധാനവും ഉണ്ടെങ്കില്‍ പോലീസ് നടപടികളെ പേടിക്കേണ്ടി വരില്ലെന്നാണ് ശോഭാ ചൗഹാന്‍ പ്രസംഗിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ശൈശവവിവാഹങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. ശൈശവവിവാഹങ്ങള്‍ തടയാന്‍ നിരവധി നീക്കങ്ങള്‍ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് ശോഭാ ചൗഹാന്റെ വിവാദ വാഗ്ദാനം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.