അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് ഏനാത്ത് പൊലീസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനേയും വരന്‍ പൂതങ്കര സ്വദേശിയായ മുപ്പതുകാരനെയും അറസ്റ്റ് ചെയ്തു. വിവാഹം തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താനായിരുന്നു പദ്ധതി
ഏഴ് മാസം മുന്‍പ് ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹ നിശ്ചയവും മോതിരം കൈമാറലും നടത്തിയിരുന്നു. വരന്റെ ബന്ധുക്കളായ നാല്പതു പേര്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളായ 20 പേര്‍ക്കും ഗുരുവായൂരിലേക്ക് പോകാനായി ബസുകള്‍ ബുക്ക് ചെയ്തിരുന്നു. ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിന് ക്രമീകരണം ഒരുക്കിയിരുന്നതായും പങ്കെടുക്കാനെത്തുന്ന ബന്ധുക്കള്‍ക്ക് താമസിക്കാന്‍ ലോഡ്ജ് ക്രമീകരിച്ചിരുന്നതായും സദ്യയ്ക്കായി അവിടെ 8000 രൂപ അഡ്വാന്‍സും നല്കിയിരുന്നതായും പൊലീസ് അറിയിച്ചു.
വിവാഹം കഴിക്കാനിരുന്ന യുവാവ് വിദേശത്ത് നിന്ന് കഴിഞ്ഞ മാസം പത്തിനാണ് നാട്ടില്‍ എത്തിയത്. 17കാരിയുടെ വിവാഹം തിങ്കളാഴ്ച നടക്കുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഏനാത്ത് എസ്.ഐ ഗോപകുമാര്‍ ഇടപെട്ടാണ് ശൈശവ വിവാഹം തടഞ്ഞത്. പെണ്‍കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും വരനെയും ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരമാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്പിച്ചു. ഇരുകൂട്ടരും ക്ഷണക്കത്ത് തയ്യാറാക്കിയിരുന്നില്ല.