അയല്‍വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി എങ്ങനെയാണ് പെട്ടെന്ന് തൂങ്ങിമരിക്കുന്നത്; ഒന്‍പതുവയസുകാരി തൂങ്ങിമരിച്ചതില്‍ ദുരൂഹത…

രാജകുമാരി ഖജനാപ്പാറയില്‍ ഒന്‍പത് വയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും രംഗത്ത്. കഴിഞ്ഞ നാലിനായിരുന്നു കുട്ടിയെ വീടിനുള്ളിലെ ഉത്തരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഖജനാപ്പാറ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോയതിനുശേഷം തിരികെ എത്തിയില്ലെന്ന് അയല്‍വീട്ടുകാര്‍ പറഞ്ഞു. വീടിനകത്തെ ഉത്തരത്തില്‍ ഷാള്‍കെട്ടി ഊഞ്ഞാലാടുമ്പോള്‍ അപകടത്തില്‍പ്പെട്ടതാകനാണ് സാധ്യതയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗമെത്തി സംഭവസ്ഥലത്ത് അന്ന് പരിശോധന നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശല്യംചെയ്ത കേസില്‍ കഴിഞ്ഞ 11- ന് ഖജനാപ്പാറ സ്വദേശി അളകരാജ് (55)നെ അറസ്റ്റുചെയ്തിരുന്നു. പ്രദേശത്തെ അഞ്ചോളം പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് അറസ്റ്റ് നടന്നത്. രാജാക്കാട് പോലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഇയാള്‍ പെണ്‍കുട്ടികളെ ശാരിരികമായി പിഡിപ്പിച്ചെന്നു സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ ഖജനാപ്പാറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്ക് നേരിട്ടു പങ്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിയും കുറ്റം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടിയെ ഇയാള്‍ പിഡിപ്പിച്ചതായി കുറ്റസമ്മതം നടത്തിയിട്ടുള്ളതായി പറയുന്നു.

റിമാന്‍ഡിലുള്ള പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. പ്രതിയെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ മൊഴിനല്‍കിയ മറ്റു പെണ്‍കുട്ടികള്‍ പരാതിയില്‍നിന്നും പിന്‍മാറിയത് ഇതിന്റെ തെളിവാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനെ സംഭവത്തില്‍ അറസ്റ്റുചെയ്യാന്‍ ശ്രമം നടന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അളകര്‍രാജയ്ക്ക് ജാമ്യം ലഭിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കഴിഞ്ഞ 26- ന് നാട്ടുകാര്‍ ഖജനാപ്പാറയില്‍ രാജകുമാരി – മുട്ടുകാട് റോഡ് ഉപരോധിച്ചിരുന്നു.

Top