മിലാന്‍: ട്രെയിന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പാളത്തില്‍ വീണ രണ്ടരവയസുകാരനെ 18 കാരന്‍ രക്ഷിച്ചു. ഇറ്റലിയിലെ മിലാന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. ലൊറന്‍സോ പിയാന്‍സയാണ് മൊഹമ്മദ് എന്ന രണ്ടരവയസുകാരനെ രക്ഷിച്ച് ആളുകളുടെ അഭിനന്ദനം നേടിയത്. എബിസി ന്യൂസാണ് വാര്‍ത്ത റിപ്പോട്ട് ചെയ്തത്. പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ ഇരിക്കുന്ന അമ്മയുടെ അടുത്ത് നിന്നും ട്രാക്കിന് നേരെ നടക്കുന്ന കുട്ടി തെന്നി ട്രാക്കില്‍ വീഴുകയായിരുന്നു. മറ്റ് ആള്‍ക്കാര്‍ കാഴ്ച കണ്ട് പരിഭ്രമിച്ച് നില്‍ക്കുമ്പോഴാണ് ലൊറന്‍സോ ട്രാക്കില്‍ ഇറങ്ങി കുട്ടിയെ രക്ഷിച്ചത്. കുട്ടി ട്രാക്കില്‍ വീണത് കണ്‍ട്രോള്‍ റൂമിലെ മോണിറ്ററിലൂടെ കണ്ട സ്റ്റേഷന്‍ മാനേജര്‍ ക്ലോഡിയ ഫ്‌ലോറ കാസ്റ്റെല്ലാനോ, ചുവപ്പ് ബട്ടണ്‍ നല്‍കി ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മിലാന്റെ മേയര്‍ ലൊറാന്‍സോയേയും ക്ലോഡിയയേയും അഭിനന്ദനമറിയിക്കാന്‍ ഓഫീസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ താനൊരു ഹീറോ ആയെന്ന് തോന്നുന്നില്ലെന്നും അഭിനന്ദനങ്ങള്‍ തന്നെ കീഴടക്കുന്നില്ലെന്നും ഏതൊരാളും ചെയ്യുന്ന കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നു ലൊറാന്‍സോ പറഞ്ഞതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.
https://youtu.be/1byXBjM370M