സുല്‍ത്താന്‍ബത്തേരി: 15 വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൊട്ടിയൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ തമിഴ്‌നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസ് എന്ന തങ്കച്ചനെ (57) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യാ ശ്രമം.പെണ്‍കുട്ടിയുടെ കുടുംബസുഹൃത്തായ സ്ത്രീയുടെ അച്ഛനാണ് അറസ്റ്റിലായ തങ്കച്ചന്‍. ഒരാഴ്ചമുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വര്‍ഗീസിന്റെ പീഡനം സഹിക്കവയ്യാതായതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിനുനല്‍കിയ മൊഴി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. വര്‍ഗീസിന്റെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ചായിരുന്നു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. സംഭവം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. തങ്കച്ചനും ഭാര്യയും ബന്ധുവായാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത്. ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് ചീരാലിലും തുടര്‍ന്ന് ബത്തേരിയിലെയും കല്‍പറ്റയിലെയും ആശുപത്രികളിലെത്തിച്ചത്. പെണ്‍കുട്ടിയുടെ പരസ്പരവിരുദ്ധമായ മൊഴികളാണ് സംശയത്തിന് തുടക്കമായത്.
ഇതേത്തുടര്‍ന്ന് രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. ഇതോടെ പെണ്‍കുട്ടി സംഭവിച്ചത് എന്തെന്ന് വിശദീകരിച്ചു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. അപ്പോഴാണ് പെണ്‍കുട്ടിയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്‍, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വീണ്ടെടുത്തതോടെ തങ്കച്ചന്‍ പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി. പോക്‌സോ, ഐ.ടി. തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയുടെപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കല്പറ്റയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.