ന്യൂയോര്‍ക്: ശാസ്ത്രത്തിന്റെ ചില കണ്ടെത്തലുകള്‍ നിയന്ത്രണാതീതമായി മനുഷ്യന് പാരയാകുന്നത് ആദ്യമായല്ല. എന്നാല്‍ ഭൂമിക്ക് തന്നെ പ്രശ്‌നം സൃഷ്ടിക്കുന്ന തരത്തിലാണ് ചൈനയുടെ ബഹിരാകാശ നിലയം ഇപ്പോള്‍ പ്രയാണം നടത്തുന്നത്. നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ‘ടിയാന്‍ഗോങ്1’ മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നത്.
ആകാശത്തു തീഗോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാകും നിലയം അവസാനയാത്ര നടത്തുകയെന്ന് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോണമി റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ മാര്‍കസ് ഡോലന്‍സ്‌കി പറഞ്ഞു. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും അറിയിപ്പുണ്ട്. നിലയം വീഴുന്നതുമൂലം എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞന്‍മാര്‍ തള്ളിക്കളഞ്ഞു.
8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. മേഖലയില്‍ തന്നെ വടക്കന്‍ ചൈന, മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്‌പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക, ന്യൂസീലന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ സാധ്യത അല്‍പം കൂടുതലാണ്.
അപകടസാധ്യത: വ്യത്യസ്ത വാദങ്ങള്‍
ടിയാന്‍ഗോങ് വീഴുന്നതുകൊണ്ട് അപകടമുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് അമേരിക്കന്‍ സഹകരണത്തിലുള്ള ‘എയ്‌റോസ്‌പെയ്‌സ് കോര്‍പറേഷനിലെ’ ശാസ്ത്രജ്ഞര്‍ പറയുന്നു. നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ തന്നെ കത്തിയമരുമെന്നതിനാല്‍ വളരെ ചെറിയ അവശിഷ്ടങ്ങളേ ഭൂമിയില്‍ പതിക്കൂ. ഒരു ചെറിയ പ്രദേശത്താകും ഇതു വീഴുക.
എന്നാല്‍, ഈ വാദത്തിന് എല്ലാവരുടെയും പിന്തുണയില്ല. ടിയാന്‍ഗോങ്ങിനു വലുപ്പം കൂടുതലായതിനാല്‍ സൂക്ഷിക്കണമെന്നു ഹാര്‍വഡ് സര്‍വകലാശാലാ ഗവേഷകന്‍ ജൊനാഥന്‍ മക്ഡവല്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെയായി ടിയാങ് ഗോങ്ങിന്റെ പതനവേഗം കൂടിയിട്ടുണ്ട്. ഇതുമൂലം നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ കൃത്യമായ പതനസ്ഥലം, സമയം എന്നിവ തീര്‍ച്ചപ്പെടുത്താനാവുകയുള്ളൂവെന്ന് മക്ഡവല്‍ പറയുന്നു.
എത്ര കത്തിയാലും 100 കിലോ അവശിഷ്ടമെങ്കിലും ഭൂമിയില്‍ വീഴാനുള്ള സാധ്യതയും ചില ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിക്കുന്നു. നിലയത്തില്‍ ഇന്ധനമായി ഉപയോഗിച്ച ഹൈഡ്രസിന്‍ വിഷവസ്തുവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലയത്തിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ വീണാല്‍ അവയുടെ അടുത്തേക്ക് പോകുന്നതോ, തൊടുന്നതോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം തുടങ്ങാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പദ്ധതിയിടുന്നുണ്ട്.
ചൈനയുടെ നഷ്ടസ്വര്‍ഗം
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ബദലാകാന്‍ ചൈന വിക്ഷേപിച്ച ടിയാന്‍ ഗോങ്ങിന്റെ അര്‍ഥം ‘സ്വര്‍ഗംപോലുള്ള കൊട്ടാരം’ എന്നാണ്. ചൈനീസ് ബഹിരാകാശയാത്രികര്‍ക്കു പരീക്ഷണങ്ങള്‍ നടത്താനുള്ള വേദിയാകുക എന്നതായിരുന്നു ലക്ഷ്യം.
2011ല്‍ വിക്ഷേപിച്ച നിലയം ചൈനയെ ബഹിരാകാശത്തെ വന്‍ശക്തി ആക്കുമെന്നും വിലയിരുത്തി. മനുഷ്യരില്ലാത്തതും ഉള്ളതുമായ ഒരുപിടി ദൗത്യങ്ങളില്‍ ടിയാങ്‌ഗോങ് ഭാഗഭാക്കാകുകയും ചെയ്തു. എന്നാല്‍ 2013ല്‍ ചൈന നിലയത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. 2016ല്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു.