ചൈനീസ് ബഹിരാകാശനിലയം ഈ ആഴ്ച ഭൂമിയില്‍ പതിക്കും; ആശങ്കയോടെ ലോകം

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹാരാകാശ നിലയം ടിയാന്‍ഗോങ്-1 ഈയാഴ്ച ഭൂമിയില്‍ പതിച്ചേക്കും. മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ സ്‌പേസ് സ്റ്റേഷന്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുമെന്നാണ് ബഹിരാകാശ വിദഗ്ദരുടെ കണക്കുകൂട്ടല്‍. 8500 കിലോ ഭാരവും 12 മീറ്റര്‍ നീളവുമുള്ള നിലയം തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണ് സാധ്യത. കേരളമുള്‍പ്പടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. വടക്കന്‍ ചൈന മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്‌പെയിനും അടക്കമുള്ള യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക,ന്യൂസ്‌ലാന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. ആകാശത്ത് തീ ഗോളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാകും നിലയം ഭൂമിയിലേക്കെത്തുക. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിലയം വീഴുന്നത് മൂലം എന്തെങ്കിലും അപകടമുണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് സമാനമായി ചൈന നില്‍മ്മിച്ച സ്വന്തം ബഹിരാകാശ നിലയമാണ് ടിയാന്‍ഗോങ്-1. സ്വര്‍ഗീയ സമാന കൊട്ടാരം എന്നാണ് ടിയാന്‍ഗോങ് എന്ന പേരിനര്‍ത്ഥം. ചൈനീസ് ബഹീരാകാശ ശാസ്ത്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം ഒരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പല വര്‍ഷങ്ങളെടുത്ത ഒട്ടേറെ വിക്ഷേപണങ്ങളിലൂടെ സാധ്യമായ ലോക രാഷ്ട്രങ്ങളുടെ രാജ്യാന്തര ബഹിരാകാശ നിലയത്തെ മറികടന്ന് ഈ വിജയം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 2011 ല്‍ വിക്ഷേപിച്ച നിലയം ചൈനയെ ബഹിരാകാശത്തെ വന്‍ശക്തിയാക്കുമെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. 2018ല്‍ വിക്ഷേപണങ്ങള്‍ ആരംഭിച്ച് 2022ല്‍ ടിയാന്‍ഗോങ് പ്രവര്‍ത്തനസജ്ജമാക്കുവാന്‍ ചൈന കണക്കുകൂട്ടിയിരുന്നു. എന്നാല്‍ 2013ല്‍ ചൈന നിലയത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. 2016ല്‍ നിലയവുമായുള്ള ബന്ധം നഷ്ടമായെന്ന് ചൈന സ്ഥിരീകരിച്ചു. ബഹിരാകാശ നിലയം ഭൂമിയില്‍ വീഴുന്നത് മൂലമുണ്ടാകുന്ന അപകടത്തിന് സാധ്യത വിരളമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. നിലയത്തിലെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ തന്നെ കത്തിയമരുമെന്നതിനാല്‍ വളരെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമായിരിക്കും ഭൂമിയില്‍ പതിക്കുക. അതും ഒരു ചെറിയ പ്രദേശത്തായിരിക്കും വീഴുക. എന്നാല്‍ ടിയാന്‍ഗോങിന് വലുപ്പം കൂടുതലായതിനാല്‍ സൂക്ഷിക്കണമെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലാ ഗവേഷകന്‍ ജൊനാഥന്‍ മക്ഡവല്‍ പറയുന്നത്. നിലയത്തിന്റെ പതനവേഗം കൂടിയത് മൂലം ഇത് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമെ കൃത്യമായ പതനസ്ഥലം, സമയം എന്നിവ തീര്‍ച്ചപ്പെടുത്താനാകൂവെന്നും മക്ഡവല്‍ പറയുന്നുണ്ട്. എത്ര കത്തിയാലും 100 കിലോ അവശിഷ്ടമെങ്കിലും ഭൂമിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് മറ്റ് ചില ശാസ്ത്രജ്ഞരും പ്രവചിക്കുന്നുണ്ട്. നിലയത്തില്‍ ഇന്ധനമായി ഉപയോഗിച്ച ഹൈഡ്രസിന്‍ വിഷവസ്തുവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലയത്തിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ വീണാല്‍ അവയുടെ അടുത്ത് പോകുന്നതോ തൊടുന്നതോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.

Top