കൊല്ലം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം രണ്ടു വർഷത്തോളമായി കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ ആരോപണം . അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി.
ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ ആണ് സിപിഎമ്മിന് തലവേദനയായി ചിന്ത വീണ്ടും വിവാദത്തിൽ ആയിരിക്കുന്നത് .
സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്.
ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം – പരാതിയിൽ ആവശ്യപ്പെട്ടു.
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു.