സ്വന്തം ലേഖകൻ
കോട്ടയം: സർവീസിൽ കയറി ചുരുങ്ങിയ കാലത്തിനുള്ളിൽ 13 സസ്‌പെൻഷനുകളും നിരന്തരം പണിഷ്‌മെന്റ് ട്രാൻസ്ഫറുകളും വാങ്ങിക്കൂട്ടുന്ന കേരള പൊലീസിനെ പെണ്ണുപിടിയൻ സിഐ കുടുങ്ങി. പരാതി നൽകാൻ സ്റ്റേഷനിലെത്തിയ വിവിദേശമലയാളിയുടെ ഭാര്യയെ കിടപ്പറയിലേയ്ക്കു ക്ഷണിച്ചാണ് കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ സിഐ ആയ ഈ വില്ലൻ കുടുങ്ങിയത്.
മുൻപ് ജോലി ചെയ്ത സ്‌റ്റേഷനുകളിലെല്ലാം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കുടുങ്ങിയ ഈ സിഐ പൊലീസുകാരന്റെ ഭാര്യയോടും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടും പരാതിക്കാരിയോടും മോശമായി പെരുമാറിയതിനു ഈ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ നേരത്തെ സസ്‌പെൻഷനിലായിരുന്നു.
പുതുതായുണ്ടായ പരാതിയിലാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടപടി പുരോഗമിക്കുന്നത്. ഭർത്താവ് നൽകിയ പരാതി അന്വേഷിക്കാൻ സ്‌റ്റേഷനിലേക്കു വിളിപ്പിച്ച യുവതിയെ സി.ഐ. കിടപ്പറയിലേക്ക് ക്ഷണിച്ചു. സി.ഐയുടെ ശല്യം സഹിക്ക വയ്യാതായതോടെ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മെഡിക്കൽ കോളജിൽ ചികിൽസയിൽ. സി.ഐക്കെതിരേ രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. എരുമേലി മുട്ടപ്പള്ളി ഭാഗത്ത് നിന്നുള്ള യുവതിയാണു ഭർത്താവ് നൽകിയ പരാതി ചർച്ച ചെയ്യാൻ സ്‌റ്റേഷനിൽ ചെന്നത്. ഭർത്താവ് വിദേശത്തുനിന്നയച്ച പണം, സ്വർണം, നാട്ടിൽ ചിട്ടി പിടിച്ച പണം എന്നിവയ്ക്ക് പുറമേ ബ്ലേഡ് കമ്പനിക്കാരിൽനിന്നു കടമെടുത്ത പണവും യുവതി മറ്റാർക്കോ നൽകിയിരുന്നു. ഇത് ആർക്കാണെന്നു വെളിപ്പെടുത്താൻ യുവതി തയാറാകാതെ വന്നതോടെയാണു ഭർത്താവ് പരാതി നൽകിയത്.
യുവതിയെയും ഭർത്താവിനെയും പണം വാങ്ങിയെന്നു പറയുന്ന യുവാവിനെയും സി.ഐ. സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് മൂന്നുപേരെയും പ്രത്യേകം ചോദ്യം ചെയ്തു. ഈ യുവാവിനല്ല താൻ പണം നൽകിയതെന്നു യുവതി മൊഴി നൽകി. ഇതിനിടയിലാണ് യുവതിയെ സി.ഐ കിടപ്പറയിലേക്ക് ക്ഷണിച്ചത്. റാന്നിയിൽ തനിക്ക് ഫഌറ്റുണ്ടെന്നും സഹകരിച്ചാൽ ഭർത്താവിനെ ഒതുക്കാമെന്നും സി.ഐ. വാഗ്ദാനം ചെയ്തുവത്രേ.
യുവതി വഴങ്ങിയില്ലെന്ന് മാത്രമല്ല, ഭർത്താവിനൊപ്പം തിരികെ മടങ്ങുകയും ചെയ്തു. ഇതിനിടയിൽ പല തവണ സി.ഐ. യുവതിയെ വിളിച്ച് ഫഌറ്റിൽ വരാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പിക്ക് കീഴുദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് നൽകിയെങ്കിലും അത് വെളിച്ചം കണ്ടില്ല. ഇതിന് ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ തയാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ഡി.ജി.പിക്ക് സമർപ്പിച്ചിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥനെതിരേ മുൻപും സ്ത്രീ വിഷയത്തിൽ നടപടിയുണ്ടായിട്ടുണ്ട്. ഗാന്ധിനഗർ സ്‌റ്റേഷനിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകന്റെ ഭാര്യയുമായി ബന്ധം പുലർത്തിയതിന് ഇദ്ദേഹം സസ്‌പെൻഷനിലായിരുന്നു. പെൺവാണിഭ സംഘത്തിന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടമ്മയെ സി.ഐ. കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇവരുടെ ഫോണിലുണ്ടായിരുന്ന വീട്ടമ്മമാരുടെ നമ്പരുകൾ കരസ്ഥമാക്കിയ ശേഷം അവരെ വിളിച്ചു ശല്യപ്പെടുത്തുന്നതും പതിവാക്കിയിരുന്നു. ഇതിൽ ഒരു യുവതിയുടെ ഭർത്താവ് വിവരം അറിയുകയും സി.ഐയെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എരുമേലിയിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായി സി.ഐക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുള്ളതായിട്ടാണ് അറിയുന്നത്. ഇടതുപക്ഷത്തെ ഒരു പ്രമുഖന്റെ ഒത്താശയോടെയാണ് ഈ സ്‌റ്റേഷനിൽ എത്തിയത്.