
വീണ്ടും വീണ്ടും നാണംകെട്ട് സിപിഎം. ജില്ലാ സമ്മേളനം ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് അവസാനിപ്പിക്കേണ്ടി വന്ന നാണക്കേട് മാറും മുൻപ് അടുത്ത പണി കിട്ടി സിപിഎം.
മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ഫോട്ടോ ഉപയോഗിച്ച് ഫ്ലക്സ് തയാറാക്കി എന്ന ആരോപണത്തിൽ വലയുകയാണ് സിപിഎം. മടിക്കൈയിൽ നടന്ന ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്തു സ്ഥാപിച്ച ബോർഡിലാണു ലീഗിന്റെ ട്രേഡ് യൂണിയനായ എസ്ടിയു തൊഴിലാളികളുടെ പടം സ്ഥാനം പിടിച്ചത്.
പടം നൽകിയത് കൂടാതെ എസ്ടിയു തൊഴിലാളികളുടെ ഫോട്ടോയിലെ യൂണിഫോം മോർഫ് ചെയ്ത് സിഐടിയു തൊഴിലാളികളുടേത് ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിൽ 5 എസ്ടിയു തൊഴിലാളികൾക്ക് നീല നിറത്തിലുള്ള തലപ്പാവാണ് ഉണ്ടായിരുന്നത്. ഇത് മോർഫ് ചെയ്ത് ചുവപ്പ് നിറം നൽകി.
സിപിഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവാണ് ബോർഡ് സ്ഥാപിച്ചത്. എസ്ടിയുവിനും സിഐടിയുവിനും നീല നിറത്തിലുള്ള ഷർട്ട് തന്നെയാണു യൂണിഫോം. തലപ്പാവിൽ മാത്രമാണ് മാറ്റം.
കാസർകോട് നഗരത്തിലെ എൻ.എ.മുഹമ്മദ്, പി.എ.മുഹമ്മദ് കുഞ്ഞി, യൂസഫ്, പി.ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്ടിയു നേതാക്കൾ കൂടിയായ കയറ്റിറക്കു തൊഴിലാളികളാണ് ഫോട്ടോയിലുള്ളതെന്ന് എസ്‌ടിയു ദേശീയ വൈസ് പ്രസിഡന്റ് എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി എസ്ടിയു പ്രവർത്തകരുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ പരാതി നൽകുമെന്ന് എസ്ടിയു ഭാരവാഹികൾ പറഞ്ഞു.
ഫ്ലക്സ് ബോർഡ് തയാറാക്കുന്നതിന് ഏൽപിച്ച കടയിലെ ജീവനക്കാർക്കു പറ്റിയ അബദ്ധമാണ് പടം മാറിയതിനു കാരണമെന്നാണ് പാർട്ടി നൽകുന്ന മറുപടി.