സിപിഎം കണ്ണൂർ ലോബിയിൽ വിള്ളൽ !.സ്വര്‍ണക്കടത്ത് കേസിലെ വീഴ്ച സി പി എമ്മില്‍ കണ്ണൂര്‍ ലോബിയുടെ അടിവേരിളകുന്നു. പിണറായിക്കെതിരെയും അടിയൊഴുക്ക്.

കണ്ണൂര്‍: സിപിഎമ്മിൽ കണ്ണൂർ ലോബിക്കുണ്ടായിരുന്ന അപ്രമാദിത്വം നഷ്ടമാകുന്നു.കണ്ണൂർ ലോബി എന്നതിൽ വിള്ളൽ വീണിരിക്കയാണ് .കോടിയേരി ബാലകൃഷ്ണനുപകരം എ. വിജയരാഘവന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോള്‍ താല്‍ക്കാലികമായാണെങ്കിലും കണ്ണൂര്‍ ലോബിക്ക് പുറത്തുള്ള ഒരാളിലേക്ക് സിപിഎം നിയന്ത്രണം എത്തുകയാണ് .ഇത് സി.പി.എമ്മിലെ കണ്ണൂര്‍ കരുത്തിന് വലിയ ക്ഷീണം തന്നെയാണ്.

പാര്‍ട്ടിയും ഭരണവും തന്റെ കൈവെള്ളക്കുളളിലാക്കി അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം അസാധാരണ സാഹചര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും പ്രതിക്കൂട്ടിലായതോടെ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച് പ്രചാരണം നടത്തുമെന്ന ആശങ്കയിലാണ് 14 ജില്ലാ കമ്മിറ്റികളും.അതുപോലെ തന്നെ ബിനീഷ് കോടിയേരിയുടെ കേസുമൂലം കൊടിയേരിക്കെതിരെയും പ്രതിഷേധം ശക്തമായി.കോടിയേരിയും ഒറ്റപ്പെടുകയാണ് .

1992-ല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് കണ്ണൂര്‍ ജില്ലയ്ക്കു പുറത്തുനിന്ന് അവസാനമായി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയത്.16 വര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയനു പിന്നാലെ 2015 ഫെബ്രുവരി 23 മുതല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ കത്തിനിന്ന വി.എസ്.- പിണറായി പോരിന്റെ കാലത്ത് കണ്ണൂര്‍ ലോബി എന്ന വിളിപ്പേരില്‍ പാര്‍ട്ടി ഘടകം പിണറായിക്ക് പിന്നില്‍ ഒറ്റക്കെട്ടായിരുന്നു. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയശേഷമാണ് കണ്ണൂര്‍ ലോബി എന്ന വാക്ക് സി.പി.എമ്മില്‍ ഉയര്‍ന്നു കേട്ടത്. പാര്‍ട്ടിയില്‍ വി.എസ്. പക്ഷത്തെ ഒതുക്കുന്നത് അടക്കമുള്ള എല്ലാറ്റിനും കാര്‍മികത്വം വഹിച്ചത് കണ്ണൂര്‍ നേതാക്കളായിരുന്നു.

എന്നാല്‍ കണ്ണൂര്‍ നേതാക്കളില്‍നിന്ന് പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കു പിന്തുണ ലഭിച്ചില്ല എന്നതില്‍ കോടിയേരിക്കു കടുത്ത പ്രതിഷേധം കോടിയേരിക്കുണ്ടായിരുന്നു. മക്കള്‍ വിവാദത്തില്‍ താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം കരുതി. ഇതോടെയാണ് സ്വമേധയാ പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍ കണ്ണൂരിന് പുറത്തുള്ള നേതാവിലേക്ക് ചുമതല എത്തിയത്.

മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയല്‍ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പക്ഷം എം.വി ഗോവിന്ദന്‍ ആ സ്ഥാനത്തേക്ക് എത്തും എന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.മന്ത്രി ഇ.പി ജയരാജന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. കണ്ണൂരില്‍ പാര്‍ട്ടി അണികള്‍ ഏറ്റവും പിന്തുണക്കുന്ന പി. ജയരാജനെ പോലെ ഒരാളാണ് സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടത് എന്ന വികാരം പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാല്‍ ജയരാജന്‍ കോടിയേരിയുമായും അത്ര നല്ല ബന്ധത്തിലല്ല. നിലവിലുള്ള എല്ലാ ഗ്രൂപ്പ് സമാവാക്യങ്ങളെയും തെറ്റിച്ചുകൊണ്ട് എ വിജയരാഘവന് ചുമതല നല്‍കുമ്പോള്‍ കണ്ണൂര്‍ ലോബിക്കുള്ളിലെ വിള്ളലുകള്‍ കൂടിയാണ് വ്യക്തമാകുന്നത്.

സ്വര്‍ണക്കടത്ത് വിവാദം കോവിഡ് പ്രതിരോധ കാര്യങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് മറ്റൊരു വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ നിരീക്ഷിക്കാനായില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.

എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന നിലപാടിലേക്ക് വന്നതോടെയാണ് തെരഞ്ഞെടുപ്പ് ചൂടിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിയേണ്ടി വന്നത്. അർബുദ ബാധ ഗുരുതരമായതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് അമേരിക്കയിൽ ചികിത്സയ്ക്ക് പോയ ഘട്ടത്തിൽ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കോടിയേരി സ്ഥാനത്ത് നിന്നും മാറേണ്ട കാര്യമില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്ന് സ്വീകരിച്ചത്.

എന്നാൽ ബിനീഷിൻ്റെ അറസ്റ്റോടെ ചിത്രമാകെ മാറി മറിഞ്ഞു. ബിനീഷ് ജയിലിലായതോടെ പടിയിറങ്ങേണ്ടി വരുമെന്ന് കോടിയേരിക്കും വ്യക്തമായിരുന്നു. അമേരിക്കയിലേക്ക് ചികിത്സയിലേക്ക് പോകുന്ന ഘട്ടത്തിൽ കോടിയേരി സ്ഥാനമൊഴിയുന്നതിനെ എതിർത്ത മുഖ്യമന്ത്രിയടക്കമുള്ളവർ ഇക്കുറി മൗനം പൂണ്ടു.

അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ട് പടിയിറങ്ങുമ്പോഴും കടുത്ത പ്രതിഷേധവും രോഷവും കോടിയേരിക്കുണ്ട്. ബിനീഷ് വിഷയത്തിൽ താൻ പൂ‍‍ർണമായും ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം കരുതുന്നു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും തള്ളിപ്പറഞ്ഞെന്ന വികാരവും അദ്ദേഹത്തിനുണ്ട്. ഇതോടെയാണ് സ്വമേധയാ മാറാൻ കോടിയേരി തീരുമാനിച്ചത്. വെള്ളിയാഴ്ച്ച രാവിലെ ചേ‍ർന്ന സിപിഎം അവൈലബിൾ പിബിയിൽ തൻ്റെ രാജിസന്നദ്ധത കോടിയേരി അറിയിക്കുകയായിരുന്നു . സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുമായി കോടിയേരി ഇക്കാര്യം ച‍ർച്ച ചെയ്തു. കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് സ്വീകരിച്ചത്. എന്നാൽ തീരുമാനത്തിൽ കോടിയേരി ഉറച്ചു നിന്നു.

അങ്ങനെയെങ്കിൽ മറ്റൊരാളുടെ പേര് നി‍ർദേശിക്കാൻ കേന്ദ്ര നേതൃത്വം തന്നെ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് കോടിയേരി കേന്ദ്ര കമ്മിറ്റി അം​ഗവും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവൻ്റെ പേര് നി‍ർദേശിച്ചത്. പിബി യോ​ഗത്തിനെത്തും മുൻപ് തന്നെ സ്ഥാനമൊഴിയാനുള്ള തീരുമാനം കോടിയേരി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.

പിന്നീട് ചേ‍ർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ കോടിയേരി തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ​രാഘവൻ്റെ പേര് പകരക്കാരനായി കോടിയേരി നി‍ർദേശിച്ചപ്പോഴും വലിയ ച‍ർച്ചകളൊന്നുമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആ തീരുമാനവും അം​ഗീകരിക്കുകയായിരുന്നു. കോടിയേരി മാറി നില്ക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു. കോടിയേരിക്ക് പകരം എ.വിജയരാഘവൻ സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതോടെ താത്കാലികമായി കണ്ണൂ‍ർ ലോബിക്ക് പുറത്തുള്ള ഒരാളിലേക്ക് പാ‍ർട്ടിയുടെ കടിഞ്ഞാൺ എത്തുകയാണ്.

 

Top