തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്ന് മുഖ്യമന്ത്രി; ആറന്മുള വിമാനത്താവളത്തിലേക്കുള്ള പച്ചക്കൊടിയോ?

image

ശബരിമല: കണ്ണൂര്‍ വിമാനത്താവളം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇനി ജനങ്ങള്‍ ശബരിമല വിമാനത്താവളത്തെക്കുറിച്ച് കേള്‍ക്കാന്‍ പോകുകയാണ്. ഇനി നേതാക്കളുടെ ചര്‍ച്ചയും അതു തന്നെയാകും. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ആറന്മുളയ്ക്ക് പച്ചക്കൊടിയാണോയെന്ന് വിചാരിച്ചു.

എന്നാല്‍, ആറന്മുള വിമാനത്താവളമല്ല ഉദ്ദേശിക്കുന്നത്. ശബരിമലയ്ക്ക് അടുത്തൊരു വിമാനത്താവളമാണ് ലക്ഷ്യം. ഇനി അത് ഏത് നൂറ്റാണ്ടില്‍ യാഥാര്‍ത്ഥ്യമാകും എന്നു കണ്ടു തന്നെ അറിയണം. മണ്ഡല മകരവിളക്കു കാലത്തെ വലിയ തിരക്ക് ഒഴിവാക്കാന്‍ ക്ഷേത്രം നിത്യവും തുറക്കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പമ്പയില്‍ നടന്ന അവലോകനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

സംസ്ഥാനത്തിനു പുറത്തു നിന്നും വിദേശത്തു നിന്നും ധാരാളം തീര്‍ത്ഥാടകരാണ് എത്തുന്നത്. നെടുമ്പാശേരിയിലും തിരുവനന്തപുരത്തുമാണ് ഇപ്പോള്‍ വിമാനത്താവളമുള്ളത്. ശബരിമലയോട് ഏറ്റവും അടുത്തു വിമാനത്താവളം ഉണ്ടാകുന്നത് ഏറെ സഹായകമാകും. ഇക്കാര്യം ആലോചിക്കാവുന്നതാണെന്നും പിണറായി പറഞ്ഞു. ഇതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. മുഖ്യമന്ത്രി ആറന്മുളയേയും കെജിഎസിനേയും അനുകൂലിക്കുന്നുവെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാല്‍ ശബരിമലയ്ക്ക് അടുത്തെന്ന് പറയുന്നത് ആറന്മുളയെ ഉദ്ദേശിച്ചിട്ടല്ലെന്ന വാദവും സജീവമാവുകയാണ്. അതിരപ്പള്ളിക്കും മുല്ലപ്പെരിയാറിലെ ഡാം വിഷയത്തിന് ശേഷം മറ്റൊരു വികസന ചര്‍ച്ച കൂടെ ശക്തമാവുകയാണ്. അതിനിടെ മുഖ്യമന്ത്രി ആറന്മുളയെ പിന്തുണയ്ക്കില്ലെന്നാണ് ഇടത് കേന്ദ്രങ്ങള്‍ പറയുന്നത്.

ശബരിമലയ്ക്ക് അടുത്തെന്ന് പറഞ്ഞാല്‍ ആറന്മുളയല്ല. അതിനും അടുത്താണ് മുഖ്യമന്ത്രി വിമാനത്താവളം ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത സ്ഥലം ഇതിനായി കണ്ടെത്തും. അല്ലാതെ ആറന്മുളയ്ക്ക് സമാനമായി പാടം നികത്തി വിമാനത്താവളം സിപിഐ(എം) ആഗ്രഹിക്കുന്നില്ലെന്നാണ് ഇടത് കേന്ദ്രങ്ങള്‍ പറയുന്നത്. പത്തനംതിട്ടയില്‍ ഒരു വിമാനത്താവളമെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിനുള്ള സ്ഥല സൗകര്യങ്ങള്‍ ജില്ലയിലുണ്ട്. ഇതില്‍ നിന്ന് യോജിച്ച സ്ഥലം കണ്ടെത്തും. അതിനിടെ ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളമെന്ന പ്രഖ്യാപിനം ആറന്മുളയ്ക്ക് അനുകൂലമാക്കാന്‍ കെജിഎസും രംഗത്തുണ്ട്. അതിനിടെ ജില്ലയില്‍ മറ്റൊരിടത്ത് വിമാനത്താവളം പരിഗണിച്ചാല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും കെജിഎസ് പറയുന്നു.

ആറന്മുളയില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക നഷ്ടം ഒഴിവാകുന്ന തരത്തിലെ ഫോര്‍മുലയാകും കെജിഎസ് തയ്യാറാക്കുന്നതെന്നും സൂചനയുണ്ട്. ഏതായാലും ആറന്മുളയ്ക്ക് സര്‍ക്കാര്‍ അനുകൂലമാകില്ലെന്ന് കെജിഎസ് തിരിച്ചറിയുന്നുണ്ട്. സിപിഐയുടെ എതിര്‍പ്പാണ് ഇതിന് കാരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എതിര്‍പ്പ് കടുപ്പിച്ചതോടെ കേന്ദ്രസര്‍ക്കാരും പ്രതിസന്ധിയിലായി. ആറന്മുളയ്ക്ക് ഒരു തരത്തിലുമുള്ള അനുമതിയും ഇനി നല്‍കില്ലെന്ന് ഉറപ്പാക്കുമെന്ന് കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. നിയമനടപടിക്കും ഒരുങ്ങുന്നു. ഇതിനിടെയാണ് പിണറായിയുടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അനുകൂലമായ പ്രസ്താവന. ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതിക്കായി കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു. ഇതിനായി വസ്തുതകള്‍ മറച്ചുവെക്കുകയും വ്യാജ പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്നാണ് ആക്ഷേപം.

ശബരിമലയില്‍ വിമാനത്താവളമെന്നത് പ്രായോഗികമല്ല. വനംഭൂമി ഏറ്റെടുക്കുക സാധ്യമാകില്ല. ശബരിമല ക്ഷേത്ര വികസനം പോലും കേന്ദ്ര വനം വകുപ്പ് തടസ്സപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ പിണറായി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം. അതിനിടെ കോന്നിയില്‍ വിമാനത്താവളത്തിനുള്ള സ്ഥലം ലഭ്യമാക്കാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കുന്നതായും സൂചനയുണ്ട്. ആറന്മുളയിലെ പദ്ധതി കോന്നിയിലേക്ക് എത്തിക്കാനാണ് നീക്കം. അതിനിടെയാണ് വിമാനത്താവള പ്രസ്താവനയുമായി പിണറായി എത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിയമ പോരാട്ടവും ശ്രദ്ധേയമാകും.

പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് ഷെയറുണ്ടെന്നും, പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായിട്ടുണ്ടെന്നും കെജിഎസ് കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അസത്യമായ കാര്യങ്ങളായിരുന്നുവെന്ന് കുമ്മനം രാജേശഖരന്‍ പറഞ്ഞു വിമാനത്താവളത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ വിമാനത്താവളത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. പ്രതിരോധ മന്ത്രാലയം നല്‍കിയെന്ന് പറയുന്ന അനുമതി മന്ത്രി നേരിട്ട് പിന്‍വലിച്ചതാണ്. മെയ് മൂന്നിന്റെ ഈ ഉത്തരവ് കെജിഎസ് ഗ്രൂപ്പ് വിദഗ്ദ്ധ സമിതിയെ അറിയിച്ചിട്ടില്ല. പദ്ധതിക്കതിരായി കേസുകളൊന്നും നിലവില്‍ ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാല്‍ ആറന്മുള പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ സുഗതകുമാരി നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, ലാന്‍ഡ് ബോര്‍ഡില്‍ കേസുണ്ട്, ജില്ലാ കളക്ടര്‍ മുന്‍പാകെ നിരവധി പരാതികള്‍ പദ്ധതിക്കെതിരായി ലഭിച്ചിട്ടുണ്ട് ഗ്രീന്‍ ട്രിബ്യൂണലും സുപ്രീംകോടതിയും സാങ്കേതിക തകരാറുകള്‍ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ എന്നും അവയെല്ലാം ശരിയാക്കിയെന്നുമുള്ള കമ്പനി വാദം തെറ്റാണ്.

വിമാനത്താവള നിര്‍മ്മാണം പാരിസ്ഥിതിക നാശം ഉണ്ടാക്കുമെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം എന്നിവ കമ്പനി ലംഘിച്ചെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ നല്‍കിയ അനുമതി മാത്രമാണ് കെജിഎസിന് ഹാജരാക്കാന്‍ സാധിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 2010ല്‍ നല്‍കിയ ഈ അനുമതി റദ്ദാക്കിയാല്‍ വിമാനത്താവള പ്രശ്നം എന്നെന്നേക്കുമായി അവസാനിക്കും. പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കെജിഎസ് ഗ്രൂപ്പിന് ആറന്മുളയില്‍ സ്വന്തമായി ഭൂമിയില്ലെന്നും വാദമുണ്ട്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് വാങ്ങിയ 232 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് കമ്പനി ഉന്നയിച്ച തര്‍ക്കം ലാന്‍ഡ് ബോര്‍ഡ് പരിശോധിക്കുന്നതേയുള്ളൂ. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചാണ് കമ്പനി അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇതിനെതിരെ കുമ്മനം നല്‍കാനിരിക്കുന്ന ഹര്‍ജിയില്‍ കേരളം എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. ഇതിലൂടെ മാത്രമേ പിണറായിയുടെ ശബരിമല വിമാനത്താവള പ്രസ്താവനയുടെ യഥാര്‍ത്ഥ വസ്തുത പുറത്തുവരൂ.

Top