ശബരിമലയില്‍ പ്രതിഷേധം ബിജെപി സര്‍ക്കുലര്‍ പ്രകാരം; അറസ്റ്റ് ചെയ്തവര്‍ എത്തിയത് കലാപത്തിന് തന്നെ

ശബരിമല: കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് ഉണ്ടായ പ്രതിഷേധവും അരങ്ങേറിയത് ബിജെപി സര്‍ക്കുലര്‍ പ്രകാരം തന്നെ. പ്രതിഷേധങ്ങളൊന്നുമില്ലാതെ ശാന്തസ്ഥിതിയില്‍ പോയിരുന്ന സന്നിധാനത്ത് കഴിഞ്ഞ ദിവസം വളരെ പെട്ടെന്നാണ് പ്രതിഷേധമുയര്‍ന്നത്. രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ട് മുന്‍പാണ് ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെജി കണ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഷേധ നാമജപം തുടങ്ങിയത്. കെജി കണ്ണന്‍ അടക്കം 82 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.
കഴിഞ്ഞയാഴ്ച പുറത്തുവന്ന ബിജെപിയുടെ സര്‍ക്കുലര്‍ പ്രകാരം കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് ജനങ്ങളെ എത്തിക്കാനുള്ള ചുമതല കണ്ണനാണ്. സര്‍ക്കുലര്‍ പ്രകാരമാണ് കണ്ണന്‍ ആളുകളെ എത്തിച്ചത്. അത് പ്രകാരമാണ് നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് നാമജപം നടത്തി പ്രതിഷേധിച്ചത്.

സര്‍ക്കുലര്‍ പ്രകാരം കണ്ണന്‍ പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി പകുതി എന്നിവിടങ്ങളില്‍ നിന്ന് പ്രതിഷേധത്തിന് ശബരിമലയിലേക്ക് ആളെ എത്തിക്കണം. കെജി കണ്ണനെ കൂടാതെ മറ്റ് ബിജെപി, യുവമോര്‍ച്ച നേതാക്കളും സന്നിധാനത്ത് നിന്ന് പിടിയിലായിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സന്നിധാനത്ത് പ്രതിഷേധം തുടങ്ങിയത്. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഒരു സംഘം വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് ശരണം വിളിച്ചത്. പതിനെട്ടാം പടിക്ക് സമീപത്ത് മുപ്പതോളം പേരും ശരണംവിളി പ്രതിഷേധം നടത്തി. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലും അതീവ സുരക്ഷാ മേഖല ആയതിനാലും പിന്മാറണമെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നാമജപം കഴിഞ്ഞയുടനെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top