പദവി വൈകുന്നു; എം.കെ.ദാമോദരനുമായുള്ള വാക്‌പോരാണോ ഇതിനുകാരണമെന്ന് വിഎസ് സംശയിക്കുന്നു

V_S_Achutanandan-HERO

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരണം നീണ്ടുപോകുന്നതില്‍ വിഎസ് അച്യുതാനന്ദന്‍ അമര്‍ഷത്തിലാണ്.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ കമ്മിഷന്‍ രൂപീകരണം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിനു തുനിയാതിരിക്കുകയും മകന്‍ വി.എ.അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് വീണ്ടും തിരിയുകയും ചെയ്തതോടെ വിഎസ് പ്രകോപിതനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ വിഎസിനെ കമ്മിഷന്‍ അധ്യക്ഷനാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദം ഒഴിയേണ്ടിവന്ന എം.കെ.ദാമോദരനും താനുമായി ഒടുവില്‍ ഉണ്ടായ വാക്‌പോര് ആണോ ഇതിനു കാരണം എന്നു വിഎസ് സംശയിക്കുന്നു. തന്റെ നിയമനം വിവാദമാക്കിയതിനു പിന്നില്‍ വിഎസ് ആണെന്ന ആക്ഷേപമാണു ദാമോദരന്‍ സിപിഎം നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം ഭരണപരമായ താമസം മാത്രമാണ് എന്നാണു പാര്‍ട്ടിഭരണകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. കമ്മിഷന്‍ രൂപീകരണം മന്ത്രിസഭാ കുറിപ്പായി കാബിനറ്റിനു മുന്നില്‍ എത്തിയിരുന്നില്ല. കമ്മിഷന്‍ അധ്യക്ഷപദം കയ്യാളുമ്പോള്‍ നിയമസഭാംഗത്വം എന്ന നിലയില്‍ വിഎസ് അയോഗ്യനാകാതിരിക്കാനുള്ള ബില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു നിയമസഭ പാസാക്കിയത്. അതു ഗവര്‍ണര്‍ അംഗീകരിച്ചതോടെ വേണമെങ്കില്‍ ഈ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാക്കാമായിരുന്നു. രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവം തന്നെയാണ് അതുകൊണ്ടു വിഎസ് കാണുന്നത്.

കാബിനറ്റ് പദവിയോടെയുള്ള കമ്മിഷന്‍ അധ്യക്ഷ പദവിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു കൂടി മടങ്ങിവരണമെന്നു വിഎസിന് ആഗ്രഹമുണ്ട്. കമ്മിഷന്‍ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ചു വിഎസും പാര്‍ട്ടിയുമായുള്ള തര്‍ക്കം തീര്‍ക്കാനായി ഇവിടെ ചര്‍ച്ച നടത്തിയ പിബിഅംഗം പ്രകാശ് കാരാട്ടിനു മുന്നിലും ഈ ആവശ്യം വച്ചു. തുടര്‍ന്നു കാരാട്ടിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസും തമ്മിലെ ചര്‍ച്ചയില്‍ കമ്മിഷന്‍ പദം ഏറ്റെടുക്കാമെന്നു വിഎസ് സമ്മതിച്ചു. ഒപ്പം സെക്രട്ടേറിയറ്റിലേക്കുള്ള മടങ്ങിവരവിന്റെ കാര്യം ആവര്‍ത്തിച്ചപ്പോള്‍ രണ്ടും കൂട്ടിക്കുഴയ്‌ക്കേണ്ട എന്ന നിലപാടാണു കോടിയേരി സ്വീകരിച്ചത്. അക്കാര്യം ആദ്യം പിബി ചര്‍ച്ച ചെയ്യട്ടെ എന്ന കോടിയേരിയുടെ നിര്‍ദേശം വിഎസും അംഗീകരിച്ചു. കമ്മിഷന്റെ ഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും പാര്‍ട്ടി നടത്തിയതായി സൂചനയില്ല. സിപിഐയുമായും ആശയവിനിമയം ഉണ്ടായിട്ടില്ല.

Top