ശബരിമല നഷ്ടമാക്കിയ വോട്ടുകള്‍ തിരികെപ്പിടിക്കാന്‍ സിപിഎം; വിശ്വാസികളുടെ കൂടെ നിര്‍ത്താന്‍ കര്‍മ്മപരിപാടി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇടപെട്ടത് പാര്‍ട്ടിയ്ക്ക് വോട്ടുകുറയാന്‍ കാരണമായെന്ന നിരീക്ഷണത്തില്‍ കേരളത്തിലെ സിപിഎം നേതാക്കളോട് സമീപനം മാറ്റാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം. നഷ്ടപ്പെട്ട വിശ്വാസി സമൂഹത്തിന്റെ പിന്തുണ തിരികെ പിടിക്കാനാണ് തീരുമാനം. ഇതിനായിട്ടുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് 11 ഇന കര്‍മ്മ പരിപാടിയ്ക്ക് പാര്‍ട്ടി അംഗീകാരം നല്‍കി കഴിഞ്ഞു. ശബരിമലയുടെ പേരില്‍ കേരളത്തില്‍ നിന്നുള്ള അനുഭാവികളുടെ വോട്ട് പാര്‍ട്ടിയ്ക്ക് നഷ്ടമായിട്ടുണ്ട്. ഇതു വീണ്ടെടുക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാനഘടകത്തോട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

ജനകീയ അടിത്തറ വീണ്ടെടുക്കാനാണ് കര്‍മ്മപരിപാടി ആവിഷ്‌കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം. പാര്‍ട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടാന്‍ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലടക്കം കനത്ത പരാജയമാണ് സി.പി.എമ്മിനു നേരിടേണ്ടി വന്നത്. ബംഗാളിലും ത്രിപുരയിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയതും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

Top