എകെജി സുശീലക്ക് എഴുതിയ കത്ത് ഉപയോഗിച്ച് ഇഎംഎസ് ഏകെജിയെ ബ്ലാക്ക് മെയിൽ ചെയ്തു. എ.കെ.ജി – ഇ.എം.എസ് ഉണ്ടാക്കിയ ഗോപാല സേനയാണ് ഇന്നത്തെ കൊടി സുനിയിൽ എത്തിനിൽക്കുന്നത് സിവിക് ചന്ദ്രൻ

കോഴിക്കോട്:  സി.പി.എം സൈബർ പോരാളികളുടെ സൈബർ ആക്രമണത്തിൽ ഫെയിസ് ബുക്ക് പൂട്ടിപ്പോയ സിവിക് ചന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്ത്.   സുശീല ഗോപാലന് എകെജി എഴുതിയ കത്തുകൾ ഉപയോഗിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് എകെജിയെ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടെന്ന് സിവിക് ചന്ദ്രൻ. കമ്യൂണിസ്റ്റുകാരുടെ ഗുണ്ടാ സംഘമായ ഗോപാല സേനയുണ്ടാക്കിയ ആളാണ് എകെജിയെന്നും കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം വിശുദ്ധ പുസ്തകമല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ വിടി ബൽറാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരുന്നു. സിപിഎമ്മുകാർക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂർ രാഷ്ട്രീയത്തിൽ സഹികെട്ടാണ് ബൽറാം പരാമർശം നടത്തിയതെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. കുറിപ്പ് ചർച്ചയായതിനെ തുടർന്നാണ് ഉച്ചയോടെ ഫേസ്‌ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതായത്. ഫേസ്‌ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് ഫേസ്‌ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സിവിക് ചന്ദ്രൻ പറഞ്ഞു.മാതൃഭുമി.കോമിലാണ് സിവിക് സി.പി.എമ്മിനെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ടത് .

ഗാന്ധിജി മുതൽ ഉമ്മൻ ചാണ്ടി വരെയുള്ളവരെ കുറിച്ച് യാതൊരു പ്രകോപനവും കൂടാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റുകാർ. സൈബർ ഗുണ്ടകൾ നടത്തിവന്ന ആക്രമണത്തിനിടയിലാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഉണ്ടാകുന്നത്. സഹികെട്ട ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരന്റെ ഉത്തരവാദിത്വമില്ലാത്ത പ്രതികരണമായി മാത്രമേ ഞാൻ വി.ടി ബൽറാമിന്റെ പ്രതികരണത്തെ കണ്ടിട്ടുള്ളൂ. അതാകട്ടെ, ഫേസ്‌ബുക്കിൽ സഹജമാംവിധം ധൃതിപിടിച്ചു ചെയ്തതാണ്. അത് ഉത്തരവാദിത്വമുള്ള ഒരു ഇടപെടലല്ല. പ്രായത്തിലുള്ള വ്യത്യാസം ബാലലൈംഗിക പീഡനമാകുന്നില്ല. അങ്ങനെ നോക്കുകയാണെങ്കിൽ എത്രയോ പേർക്കെതിരെ ഇത് പറയേണ്ടിവരും. അലസമായി ചെയ്തതിന്റെ പിശകായിരിക്കാം ബലരാമിന്റെ അത്തരമൊരു പരാമർശം. അത് തിരുത്താൻ അയാളുമേൽ സമ്മർദ്ദം ചെലുത്തുകയോ അയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാം. അതല്ലാതെ, എംഎൽഎ എന്ന നിലയിൽ അയാൾ ലോക കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാടില്ലെന്നും കോൺഗ്രസുകാർക്ക് വിവരമില്ലെന്നും മറ്റുമുള്ള തരത്തിൽ പറഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സിവിക് അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ബൽറാമിന്റെ വിഷയത്തിൽ ഉയർന്നുവന്ന സംവാദം മറ്റുചില കാര്യങ്ങൾ കൂടി ചർച്ചയിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്നും സിവിക് പറഞ്ഞു. എകെജി സുശീലയ്ക്ക് അക്കാലത്തെഴുതിയ കത്തുകൾ പിന്നീട് എകെജിയെ ബ്ലാക്മെയിൽ ചെയ്യാൻ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ട്. യഥാർഥത്തിൽ കേരളത്തിൽ ആദ്യം നക്സലൈറ്റ് ആകേണ്ട ആളായിരുന്നു എ.കെ ഗോപാലൻ. അക്കാലത്ത് നക്സലൈറ്റ് അനുകൂല ലഘുലേഖകൾ ഇവിടെ കൊണ്ടുവന്ന് തർജമ ചെയ്ത് വിതരണം ചെയ്യാൻ നേതൃത്വം കൊടുത്തത് എകെജിയായിരുന്നു. അക്കാലത്തെ എകെ ഗോപാലന്റെ ശിഷ്യന്മാരാണ് തലശ്ശേരി, പുൽപ്പള്ളി നക്‌സൽ ആക്രമണങ്ങൾ നടത്തിയത്. അങ്ങനെ നക്സലിസത്തേലേയ്ക്ക് പോവേണ്ടിയിരുന്ന എകെജിയെ ബ്ലാക്മെയിൽ ചെയ്യാൻ പഴയ കത്തുകൾ ഇഎംഎസ് ഉപയോഗിക്കുകയായിരുന്നു.

എകെജി നക്സലൈറ്റ് ആയാൽ നിങ്ങളുടെ ജീവിതം തുലഞ്ഞുപോകും എന്നുപറഞ്ഞ് ഇഎംഎസ് ആദ്യം സുശീലയെ പേടിപ്പിച്ചു. കൂടാതെ എകെജി എഴുതിയ കത്തുകൾ സുശീലയിൽനിന്ന് വാങ്ങി. പിന്നീട് ഇതുവെച്ച് എകെജിയെ ബ്ലാക്മെയിൽ ചെയ്യുകയും എകെജിയെ അതിൽനിന്ന് പിൻതിരിപ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മറ്റൊന്നായിത്തീരുന്നതിന് ഈ കത്തുകൾ ഉപയോഗിക്കുകയായിരുന്നു ഇഎംഎസ് ചെയ്തത്. ആ കത്തുകൾ കണ്ണൂരിലെ ഏതോ ഒരു വായനശാലയിലുണ്ട്. നമ്മൾ അറിയുന്ന എകെജിയെ കൂടാതെ മറ്റൊരു എകെജി ഉണ്ട്. അത് ഗോപാലസേന സ്ഥാപിച്ച എകെജിയാണ്. കമ്യൂണിസ്റ്റുകളുടെ ഗുണ്ടാ സേനയായിരുന്നു അത്. അതാണ് പിന്നീട് കൊടി സുനിയിലെത്തി നിൽക്കുന്ന ഗുണ്ടാ സംഘമായി മാറിയത്. എകെ ഗോപാലനിൽനിന്ന് കോടിസുനിയിലേയ്ക്കുള്ള ദൂരം നടന്നുതീർത്തു എന്നതാണ് കോടിയേരിയുടെയും പിണറായിയുടെയും രാഷ്ട്രീയ വളർച്ച എന്നതാണ് സത്യം.

കമ്യൂണിസ്റ്റുകളുടെ ഒളിവുജീവിതം പൂർണമായും വിശുദ്ധപുസ്തകമൊന്നുമല്ല. ആർ. സുഗതനെ വച്ചാണ് മലയാറ്റൂർ രാമകൃഷ്ണൻ ‘അഞ്ചുസെന്റ്’ എന്ന നോവൽ എഴുതുന്നത്. കെ.ആർ ഗൗരി ടിവി തോമസിനെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരിയെ വിവാഹം കഴിക്കുന്നതിനു മുൻപേ ടിവി തോമസിന് മറ്റൊരു വിവാഹത്തിൽ കുഞ്ഞുണ്ട്. ആ കുഞ്ഞിന് ജോലി കൊടുത്തതിനെക്കുറിച്ചൊക്കെ ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. മാർക്സിനുതന്നെ വേലക്കാരിയിൽ ഒരു കുഞ്ഞുണ്ട്. ഏംഗൽസാണ് പിന്നീട് ആ കുഞ്ഞിനെ വളർത്തിയത്. ഇത്തരം ധാരാളം കഥകൾ കമ്യണിസ്റ്റുകളുമായി ബന്ധപ്പെട്ടുകൊണ്ട് പറയാനുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കെ തിരിച്ച് മറ്റൊന്നും പറയാനാവില്ല എന്നുള്ളത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസമാണെന്ന് സിവിക് ചന്ദ്രൻ പറഞ്ഞു.അവർ അവകാശപ്പെടുന്നതുപോലെ കേരളം കമ്യൂണിസ്റ്റുകളുടെയോ മതേതര വാദികളുടെയോ സ്വയംപ്രഖ്യാപിത റിപ്പബ്ലിക് ഒന്നും ആയിട്ടില്ലെന്ന് യാഥാർഥ്യം പരിശോധിച്ചാൽ മനസ്സിലാകും. അപ്പോൾ സ്വാഭാവികമായും ഇത്തരം കാര്യങ്ങളെക്കുറിച്ച് വീണ്ടുവിചാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും സിവിക് ചന്ദ്രൻ    പറഞ്ഞു.

 

Top