ബൽറാമിന്റെ എംഎൽഎ ഓഫിസിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം

പാലക്കാട് :കോൺഗ്രസിലെ യുവ എം.എൽ.എ എ.കെ.ജിയെ കുറിച്ചുള്ള  വിവാദ പരാമർശം കത്തിപ്പടരുകയാണ്. അതിനിടെ വിഷയം സംഘർഷത്തിലേക്കും നയിക്കുന്നു.   വി.ടി. ബൽറാമിന്റെ ഓഫിസിന്റെ ബോർഡ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. എ.കെ. ഗോപാലനെതിരെ ബൽറാം നടത്തിയ പരാമർശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനു നേരെ പ്രവർത്തകർ കരിഓയിൽ പ്രയോഗവും നടത്തി. എകെജിയുമായി ബന്ധപ്പെടുന്ന പരാമർശങ്ങൾ ഉൾപ്പെടുന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് ബൽറാം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

അതിനിടെ, ബൽറാമിന്റെ ഓഫിസിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൃത്താലയിൽ റോഡ് ഉപരോധിച്ചു. ശനിയാഴ്ച പുലർച്ചെ ബൽറാമിന്റെ ഓഫിസിനു നേരെ അജ്ഞാതർ മദ്യക്കുപ്പികളെറിയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൽറാമിന്റെപരാമർശത്തിൽ പ്രതിഷേധിച്ച് സിപിഎം നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കെ. മുരളീധരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും ബൽറാമിന്റെ പരാമർശത്തെ എതിർത്ത് രംഗത്തെത്തി.എകെജി– സുശീലാ ഗോപാലൻ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി. ബല്‍റാം എംഎല്‍എ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബൽറാം കുറിച്ചു. അധിക്ഷേപകരമായ മറ്റു പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂെട ബല്‍റാമിനെതിരെ ഉണ്ടാകുന്നത്.

ബൽറാമിന്റെ പോസ്റ്റ്:

ആദ്യത്തേത്‌ “പോരാട്ടകാലങ്ങളിലെ പ്രണയം” എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന്‌ പ്രസിദ്ധീകരിച്ച വാർത്ത. “ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്‌” എകെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ ഹിന്ദു ലേഖകൻ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കിൽ വിവാഹസമയത്ത്‌ സുശീലയുടെ പ്രായം 22 വയസ്സ്‌. ആ നിലക്ക്‌ പത്ത്‌ വർഷത്തോളം നീണ്ട പ്രണയാരംഭത്തിൽ അവർക്ക്‌ എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ്‌ അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക്‌ 1940ന്റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെ ചിത്രം സാക്ഷാൽ എകെ ഗോപാലന്റെ ആത്മകഥയിൽ നിന്ന്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട്‌ അദ്ദേഹം ജയിലിൽ കഴിയുന്ന കാലത്ത്‌ പുറത്ത്‌ പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ച്‌ അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലിൽ നിന്ന് പുറത്തുകടന്നാലുടൻ വിവാഹിതരാകാൻ അവർ തീരുമാനിക്കുന്നു. അങ്ങനെത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു.

എകെജി പലർക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തേയും പാർലമെന്ററി പ്രവർത്തനത്തേയും കുറിച്ച്‌ ഏവർക്കും മതിപ്പുമുണ്ട്‌. എന്നുവെച്ച്‌ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച്‌ പബ്ലിക്‌ ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുത്‌ എന്ന് ഭക്തന്മാർ വാശിപിടിച്ചാൽ അത്‌ എപ്പോഴും നടന്നു എന്ന് വരില്ല. ‌മുൻപൊരിക്കൽ അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ കായികമായി ആക്രമിച്ച്‌ നിശബ്ദനാക്കിയെന്ന് വച്ച്‌ അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല.

Top