തൃത്താലയിൽ ബൽറാം തോൽക്കും!..4,000 ഭൂരിപക്ഷത്തിൽ പിടിക്കുമെന്ന് സിപിഎം.

കൊച്ചി: ഇത്തവണ തൃത്താലയിൽ വിടി ബൽറാം പരാജയപ്പെടും എന്നാണു സിപിഎം പറയുന്നത് .സിപിഎം സ്ഥാനാർഥി എം ബി രാജേഷ് 4000 വോട്ട് ഭൂരിപക്ഷത്തിനു മുകളിൽ പിടിക്കും എന്നാണു അവസാന കണക്കുകൂട്ടൽ .2011 ല്‍ അപ്രതീക്ഷിത അട്ടിമറിയുമായിട്ടാണ് തൃത്താലയില്‍ വിടി ബല്‍റാം തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2016 ല്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചില്ല. എന്നാല്‍ എംബി രാജേഷ് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

എംബി രാജേഷ് സ്ഥാനാര്‍ത്ഥി ആയി എത്തിയപ്പോള്‍ തൃത്താല മണ്ഡലത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡിവൈഎഫ്‌ഐയ്ക്കും സാധിച്ചു എന്നാണ് സിപിഎം വിലയിരുത്തല്‍. നാലായിരം ഭൂരിപക്ഷം ഇത്തവണ എന്തായാലും തൃത്താല പിടിച്ചെടുക്കുമെന്നാണ് വോട്ടെടുപ്പിന് ശേഷം ബൂത്ത് തല കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎമ്മിന്റെ വിലയിരുത്തല്‍. മൂവായിരത്തിനും നാലായിരിത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ജില്ലയിലെ 12 മണ്ഡലങ്ങളിലെ ഒൻപതും എൽഡിഎഫ് നേടി. യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി. തൃത്താലയും പാലക്കാടും മണ്ണാർക്കാടുമായിരുന്നു യുഡിഎഫിന് വിജയം സമ്മാനിച്ചത്. ഈ സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കുക ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസിന്‍റെ പ്രവർത്തനം. ഏഴ് മണ്ഡലങ്ങളിൽ സിപിഎമ്മും ഒരിടത്ത് സിപിഐയും ഒരിടത്ത് ജെഡിഎസുമാണ് കഴിഞ്ഞതവണ വിജയിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്നാണ് സിപിഎം വാദം.

തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ആറ് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നാണ് വിലയിരുത്തൽ. മലമ്പുഴ, പാലക്കാട്, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് ശക്തമായ മത്സരം നടന്നത്. പ്രാഥമിക കണക്കനുസരിച്ച് 76.2 ശതമാനം പോളിങ്ങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തങ്ങളുടെ കണക്കനുസരിച്ച് ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് സിപിഎമ്മിന്‍റെ അവകാശവാദം. എന്നാൽ ശക്തമായ പ്രചാരണത്തിലൂടെ മണ്ഡലങ്ങൾ പലതും പിടിച്ചെടുക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

സിറ്റിങ്ങ് എംഎൽഎ വിടി ബൽറാമിനെതിരെ എംബി രാജേഷിനെ സിപിഎം കളത്തിലിറക്കിയതിലൂടെ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് തൃത്താല. പഴയ ഇടത് കോട്ട ഇത്തവണ പിടിച്ചെടുക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. 3000ത്തിലധികം വോട്ടുകൾക്ക് എംബി രാജേഷ് ജയിക്കുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തലെന്നാണ് റിപ്പോർട്ട്. കുടിവെള്ള പ്രശ്നം ഉൾപ്പെടെയുള്ളവ ഉയർത്തിയായിരുന്നു സിപിഎം ഇവിടെ പ്രചാരണം നടത്തിയത്. അതേസമയം മണ്ഡലത്തിൽ തങ്ങൾക്ക് കാര്യമായ വെല്ലുവിളിയില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.

എന്നാൽ ഇത്തവണ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് ക്യാമ്പും വിശ്വസിക്കുന്നത്. വിടി ബല്‍റാമിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. എംബി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരുതരത്തിലും വെല്ലുവിളിയാവില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പിന്നീട് അത് പരിഹരിക്കപ്പെടുകയും കോണ്‍ഗ്രസും മുസ്ലീം ലീഗും എണ്ണയിട്ട യന്ത്രം പോലെ ബല്‍റാമിന് പിന്നില്‍ അണിനിരക്കുന്നതും തൃത്താലയില്‍ പ്രകടമായിരുന്നു.

കഴിഞ്ഞ തവണ 10,547 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി ബല്‍റാമിന്റെ വിജയം. ഇത്തവണ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നാണ് ബല്‍റാം ക്യാമ്പ് വോട്ട് കണക്കുകള്‍ പരിശോധിച്ചതിന് ശേഷം വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14,510 വോട്ടുകളായിരുന്നു ബിജെപിക്ക് തൃത്താലയില്‍ ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ അത് 21,838 ആയി ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

Top