ചുംബനത്തെ’പിന്തുണച്ചതില്‍ രാജേഷിന് ജാള്യത ? ദുര്‍ഗന്ധം മൂലം ഫേസ്‌ ബുക്ക്‌ തുറന്നാല്‍ മൂക്ക്‌ പൊത്തണമെന്ന സ്ഥിതിയാണെന്ന് രാജേഷ്

പാലക്കാട് :ചുംബന സമരത്തെ പിന്തുണച്ച പാലക്കാട് എം .പി യും സി.പി.എം നേതാവുമായ പുതിയ സാഹചര്യത്തില്‍ ജാള്യത? ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ചുംബന നേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും പോലീസ് പിടിയിലായതോടെ ‘ചുംബനസമരത്തിനെതിരെ രോഷം കൂടുകുകയായിരുന്നു.ചുംബന സമരത്തെ എം .പി.രാജേഷും കോണ്‍ഗ്രസ് എം എല്‍ അ വിടി.ബല്‍റാമും അതിശക്തമായി പിന്തുണച്ചിരുന്നു.ഇവരെല്ലാം സോഷ്യല്‍ മീഡിയായിലും നവമാധ്യമങ്ങളിലും തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.ഫേയ്​സ് ബുക്കില്‍ സജീവമായിരിക്കുന്ന രാജേഷിനിപ്പോള്‍ ഫേയ്​സ്ബുക്ക് ദുര്‍ഗന്ധം വമിക്കുന്ന ഇടവുമായി .

എം .ബി രാജേഷിന്റെ ഫേയ്​സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ്‌ ചെയ്തതോടെ സംഘികളും അവരുടെ ഇസ്ലാമിക വര്‍ഗ്ഗീയ സഹോദരങ്ങളും യോജിച്ച്‌ പതിവുപോലെ സദാചാര സംരക്ഷണാര്‍ത്ഥമുള്ള തെറിപ്പാട്ടുമായി സാമൂഹിക മാധ്യമങ്ങളില്‍ അഴിഞ്ഞാടുന്നുണ്ട്‌. സദാചാര പൊലീസിനെ എതിര്‍ത്ത ഞാനടക്കമുള്ളവര്‍ സമാധാനം പറയണമെന്നാണത്രെ ആക്രോശം. ടെലിവിഷനില്‍ കെ. സുരേന്ദ്രനും മലയാളിഹൗസ്‌ വിദ്വാനും ഇതേ ആക്രോശമുയര്‍ത്തിയതായും കേട്ടു. ഫേസ്‌ ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാന്‍ പുല്ലു വിലപോലും കല്‍പ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധം മൂലം ഫേസ്‌ ബുക്ക്‌ തുറന്നാല്‍ മൂക്ക്‌ പൊത്തണമെന്ന സ്ഥിതിയാണെങ്കില്‍ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും! അതുകൊണ്ട്‌ അത്‌ അവജ്ഞ മാത്രമേ അര്‍ഹിക്കുന്നുള്ളൂ.
സദാചാര പൊലീസിങ്ങിനെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്‌. സദാചാര പൊലീസിങ്ങിനെതിരായി ഉയര്‍ന്നുവന്ന പലരൂപത്തിലുള്ള പ്രതിഷേധങ്ങളോട്‌ പൊതുവില്‍ അനുഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്‌. ആ അനുഭാവം ആ പ്രതിഷേധത്തിന്റെ ഭാഗമായ ആരെങ്കിലും ചെയുന്ന തെറ്റുകള്‍ക്കുള്ള പിന്തുണയാവുന്നില്ല. തെറ്റ്‌ ചെയ്ത ഒരാളെയും ന്യായീകരിക്കുന്നുമില്ല. സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള പലതരത്തില്‍ ഉയര്‍ന്നുവന്ന പ്രതിരോധങ്ങളെയാകെ വിലയിരുത്തേണ്ടത്‌ അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല. കുറ്റം ചെയ്തവര്‍ നിയമനടപടികള്‍ നേരിടട്ടെ; കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ.
ഞാനടക്കമുള്ളവര്‍ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ആകെ സമാധാനം പറയേണ്ടതാണു. അസാറാം എന്ന ആത്മീയവേഷധാരിയായ സാമൂഹ്യവിരുദ്ധനെ സംഘികള്‍ക്കറിയില്ലേ? അവര്‍ക്കറിയണമെങ്കില്‍ അസാറാം ബാപ്പു എന്ന് പറയേണ്ടി വരും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളില്‍ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച്‌ ആദരിച്ചവരാണിക്കൂട്ടര്‍. (ഗാന്ധിജിയെ ഇവര്‍ ബാപ്പു എന്ന് വിളിക്കില്ല;പക്ഷെ അസാറാമിനെ അങ്ങനെയേ വിളിക്കൂ. ) ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാര്‍ഗ്ഗിക താവളത്തില്‍ അനുഗ്രഹാശ്ശിസ്സുകള്‍ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്‌? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച്‌ അനുഗ്രഹം തേടുന്ന മോഡിയുടെ ചിത്രം ഇത്രവേഗം മറന്നോ? ഓര്‍മ്മ പുതുക്കാന്‍ വേണമെങ്കില്‍ അതിവിടെ പോസ്റ്റ്‌ ചെയ്‌യാം. പറഞ്ഞാല്‍ മതി.
സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരില്‍ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട.സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളി.

Top