പാലക്കാട്: നഗരസഭയില്‍ ബിജെപി വെട്ടാന്‍ സിപിഎമ്മും കോണ്‍ഗ്രസും തിരിക്കിട്ട കൂടിയാലോചനയില്‍.നഗരസഭയില്‍ ബിജെപിയുടെ ഭരണം തടയാന്‍ മുന്നണികള്‍ സഖ്യ സാദ്ധ്യത അന്വേഷിക്കുകയാണ്. ബിജെപിയെ മാറ്റിനിര്‍ത്തുന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. സഖ്യ സാദ്ധ്യതയും അദ്ദേഹം തള്ളിയിട്ടില്ല. ബിജെപിയെ മാറ്റനിര്‍ത്താന്‍ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാലക്കാട് നഗരസഭയില്‍ മതേതര സഖ്യ സാദ്ധ്യത സിപിഎമ്മും തള്ളുന്നില്ല. ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാലക്കാട് നഗരസഭയില്‍ 53 സീറ്റുകളില്‍ 25 എണ്ണം നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രനും കൈകോര്‍ത്താല്‍ ഭരണത്തിലേറാനാകില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റിനിറുത്താന്‍ മതേതര ചേരികള്‍ ഒന്നിക്കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്നാണ് അറിയേണ്ടത്. യുഡിഎഫിന് 18 സീറ്റ്. ഇടതുപക്ഷത്തിന് ഒന്‍പത്. ഒരു കോണ്‍ഗ്രസ് വിമതനും ജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ ബിജെപി മുന്നിലെത്തുകയായിരുന്നു.ഇതിനിടെ, മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് പറഞ്ഞു. മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്നും എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാര്‍ട്ടി പുറത്താക്കിയ ആളായതിനാല്‍ സ്വതന്ത്രനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2020ലെ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാണ്. ഔദ്യോഗിക പക്ഷത്തിനെതിരെ മുന്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വിവാദങ്ങളുണ്ടായി.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മുതലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍.എയോടൊപ്പം, പൊതുചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരന്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളും പാര്‍ട്ടിയില്‍ നിലനിന്നിരുന്നു.










