മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസാണെന്ന് പറഞ്ഞ രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടണമെന്ന് കോടതി

Rahul-Gandhi

ദില്ലി: മഹാത്മാ ഗാന്ധി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗാന്ധിയെ കൊന്നത് ആര്‍എസ്എസെന്ന് പറഞ്ഞ രാഹുല്‍ മാപ്പ് പറയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, മാപ്പ് പറയില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. ആര്‍എസ്എസ് സമര്‍പ്പിച്ച മാനനഷ്ട കേസിലാണ് നിര്‍ദേശം. എന്തിനാണ് ഒരു സംഘടനയെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നതെന്ന് സുപ്രീംകോടതി രാഹുലിനോട് പറഞ്ഞു. മാപ്പു പറയാന്‍ തയ്യാറല്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതിനാല്‍ വിചാരണയ്ക്കായി കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മാനനഷ്ട കേസ് ഒത്തുതീര്‍പ്പക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നേരത്തെ രാഹുല്‍ തള്ളിയിരുന്നു. ഇതേ കേസിലാണ് കോടതി രാഹുലിനോട് വീണ്ടും ഖേദപ്രകടനം നടത്താന്‍ നിര്‍ദേശിച്ചത്. രാഹുലിനെതിരായ ഹര്‍ജി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

എന്തിനാണ് സംഘടനയുമായി ബന്ധപ്പെട്ട എല്ലാവരെയും ബാധിക്കുന്ന തരത്തില്‍ ആര്‍എസ്എസിനെതിരെ അടച്ചാക്ഷേപം നടത്തുന്നത്. ഒരു സംഘടനയെ ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് അനുവദിക്കാനാവില്ല. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഖേദപ്രകടനം നടത്താന്‍ തയ്യാറല്ലെന്ന് രാഹുല്‍ അറിയിച്ച സ്ഥിതിയ്ക്ക് വിചാരണയുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ രേഖകളിലുള്ള ചരിത്ര വസ്തുതകള്‍ മുന്‍നിര്‍ത്തിയാണ് രാഹുല്‍ പരാമര്‍ശം നടത്തിയതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ വാദിച്ചു. കേസ് രണ്ടാഴ്ച്ചത്തേക്ക് നീട്ടണമെന്നും അദ്ദേഹം അവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ആര്‍എസ്എസുകാര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ആര്‍എസ്എസുകാരാണ് ഗാന്ധിയെ കൊന്നത്. ഇപ്പോള്‍ അവരുടെ ആളുകള്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നു. അവര്‍ ഗാന്ധിജിയെയും സാര്‍ദാര്‍ പട്ടേലിനെയും എതിര്‍ത്തിരുന്നവരായിരുന്നു.

കഴിഞ്ഞ നവംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ ഖേദം രേഖപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന കോടതിയുടെ നിര്‍ദേശം രാഹുല്‍ തള്ളിയിരുന്നു. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന നിലപാടാണ് അന്ന് രാഹുല്‍ സ്വീകരിച്ചത്.

Top