സ്വകാര്യ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കേന്ദ്രമായി മാറി.വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിച്ചത് മണ്ടത്തരം:ആന്റണി.ആന്റണിക്ക് മറുപടിയുമായി ഫസല്‍ ഗഫൂര്‍

തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിച്ചത് മണ്ടത്തരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു പകരം സ്കൂളുകളിലും കോളേജുകളിലും ജാതി -മത സംഘടനകള്‍ പിടി മുറുക്കി. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ജാതി-മതഭ്രാന്ത് കുത്തിവയ്ക്കാനാണ് ശ്രമമെന്നും കെ.എസ്.യു സംസ്ഥാന നേതൃ ക്യാമ്പ് പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശന കരാര്‍ ലംഘിക്കുന്നത് മര്യാദകേടാണ്. സ്വകാര്യ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ അദ്ധ്യാപക നിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടുകയാണ്. സര്‍ക്കാര്‍ പറയുന്നത് പോലെ സ്വാശ്രയ കോളേജുകള്‍ നടത്തുന്നത് നഷ്ടമാണെങ്കില്‍ നടത്തേണ്ടതില്ല. ഇവിടത്തെ കുട്ടികള്‍ക്ക് വേണ്ടിയാണ് 50 ശതമാനം മെരിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള സംവിധാനം ഒരുക്കിയത്.

എന്റെ കാലത്ത് തന്നെ അവര്‍ ലംഘനം തുടങ്ങി. കെ.പി.സി.സിക്കും സര്‍ക്കാരിനുമൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും കെ.എസ്.യുവും യൂത്ത്&സ്വ്ഞ്; കോണ്‍ഗ്രസും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. അതിന്റെ പേരില്‍ നടപടിയുണ്ടാവില്ല. ഉണ്ടായാല്‍ ഞാന്‍ നോക്കിക്കൊള്ളാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന കെ.എസ്.യു.വിന്റെ ആവശ്യത്തെ ഞാന്‍ പിന്താങ്ങുന്നു. യോഗ്യരായവരെ അവതരിപ്പിച്ചാല്‍ ജനം കൂടെ നില്‍ക്കുമെന്നതിന്റെ തെളിവാണ് അരുവിക്കരയില്‍ ശബരീനാഥന്റെ വിജയം- ആന്റണി പറഞ്ഞു.
അതേസമയം മാനേജുമെന്റുകള്‍ക്കെതിരെയുള്ള എ.കെ.ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ രംഗത്തുവന്നു. സ്വാശ്രയ കരാര്‍ അട്ടിമറിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തിരുത്താന്‍ ആന്റണി ശ്രമിക്കണമെന്നും അദ്ദേഹം മലമുകളില്‍ നിന്ന് ഇറങ്ങി വരണമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

Top