ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കണം..അതാണ് തമിഴ് മക്കളുടെ ആഗ്രഹമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ‘ചെന്നൈയില്‍ വെച്ചും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. തമിഴ്ജനതയുടെ ആഗ്രഹമാണിത്. ഇതിലെന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പക്ഷെ ബംഗാളില്‍ നടന്ന പ്രതിപക്ഷ സംഗമത്തില്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് അവരുടെ ആഗ്രഹം’ സ്റ്റാലിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സ്റ്റാലിനടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തിരുന്നു. റാലിയില്‍ സോണിയയും രാഹുലും പങ്കെടുത്തിരുന്നില്ല. കൂടാതെ ബി.ജെ.ഡിയും സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികളും മമതയുടെ റാലിയില്‍ എത്തിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിലാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രതിപക്ഷ കക്ഷികളോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എസ്.പി, ബി.എസ്.പി, എന്‍.സി.പി തുടങ്ങിയ കക്ഷികളൊന്നും അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സഖ്യകക്ഷികള്‍ തീരുമാനിക്കട്ടെയെന്ന് കോണ്‍ഗ്രസ് തന്നെ പറഞ്ഞിരുന്നുവെന്നും ഇക്കാര്യത്തില്‍ മറ്റാലോചനകള്‍ ആവശ്യമില്ലെന്നുമാണ് എന്‍.സി.പി പ്രതികരിച്ചിരുന്നത്.