അടിമുടി കോണ്‍ഗ്രസ് ‘ആന്റണിക്ക് 75 വയസ്

എ.കെ. ആന്റണിക്കു ഇന്ന് 75 വയസ്. രാജ്യത്തിന്റെ ‘ഭാഗധേയം നിര്‍ണയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനവും പാര്‍ട്ടിയുടെ ആധുനിക കാലത്തെ മുഖമായ ആന്റണിയുടെ പിറന്നാളും ഒരേ ദിവസമാണ്. കോണ്‍ഗ്രസ് 130 വര്‍ഷം പിന്നിട്ടപ്പോള്‍ ആന്റണിയുടെ നല്ല ഓട്ടം കൂടുതല്‍ കരുത്തോടെയും ഉണര്‍വോടെയും എഴുപത്തഞ്ചും പിന്നിട്ടു കുതിക്കുന്നു. കേന്ദ്രത്തിലായാലും കേരളത്തിലായാലും കോണ്‍ഗ്രസിനുള്ളില്‍ ആന്റണിയുടെ വാക്കുകള്‍ക്കു വിലയേറെയാണ്. ആന്റണിക്കു തുല്യമായി ആന്റണി മാത്രം.

ആരോഗ്യശ്രീമാന്‍

മലയാളികള്‍ക്കു വിശേഷണങ്ങള്‍ വേണ്ടാത്ത ജനനേതാവിന് ഇത്തവണത്തെ പിറന്നാളിനു സന്തോഷമേറെയുണ്ട്. പൂര്‍ണമായും രോഗവിമുക്തനാണെന്ന തിരിച്ചറിവോടെയാണു ‘ഭാര്യ എലിസബത്തിനോടും മൂത്ത മകന്‍ അനിലിനോടും കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ഒപ്പം അമേരിക്കയില്‍ നിന്ന് ഇന്നു ഡല്‍ഹിയില്‍ വിമാനമിറങ്ങുക. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും ലാളിത്യവും സത്യസന്ധതയും തന്റെ ഉയരമാക്കിയ ആന്റണിക്കു പതിവുപോലെ ഇത്തവണത്തെ പിറന്നാളിനും പ്രത്യേക ആഘോഷങ്ങളില്ല. സ്വന്തം ആരോഗ്യം സുരക്ഷിതമാണെന്ന വിവരമാകും ആന്റണിക്കു കിട്ടിയ വലിയ പിറന്നാള്‍ സമ്മാനം.

അമേരിക്കയില്‍ മിനസോട്ടയിലുള്ള റോച്ചസ്റ്ററിലെ പ്രശസ്തമായ മേയോ ക്ലിനിക്കില്‍ മുന്‍ രാജ്യരക്ഷാ മന്ത്രി എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി യതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തി. സ്‌കാനിംഗിലും ബയോപ്‌സി പരിശോധനയിലും ഡല്‍ഹിയില്‍ നിന്നു സംശയിച്ചതുപോലുള്ള രോഗങ്ങളൊന്നുമില്ല. പൊതുപ്രവര്‍ത്തനത്തില്‍ പഴയതുപോലെ ആന്റണിക്കു ധൈര്യമായി സജീവമാകാമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരായ ഷാജി പ്രഭാകരനും അമിത് ഘോഷും ഡോ. കാര്‍ത്തിക ഘോഷും ഇവരെ സഹായിച്ച പ്രമുഖ മലയാളി ഡോ. നരേന്ദ്ര കുമാറും തറപ്പിച്ചുപറയുന്നു.AK A B75

അമേരിക്കയില്‍ പോയി വിദഗ്ധ പരിശോധന നടത്താന്‍ ആന്റണിയെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നിര്‍ബന്ധിക്കുകയായിരുന്നു. സോണിയയും എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ആന്റണിയോടു പോകാന്‍ നിര്‍ബന്ധിക്കുക മാത്രമല്ല ചെയ്തത്. അമേരിക്കയില്‍ നല്ല ബന്ധങ്ങളുള്ള മന്ത്രി രമേശ് ചെന്നിത്തലയോട് ആന്റണിയുടെ കൂടെ പോകാനും ഒരാഴ്ചയെങ്കിലും മിനിയപോളിസിലെ മേയോ ക്ലിനിക്കില്‍ താമസിച്ചു വേണ്ട സഹായം ചെയ്യാനും നിര്‍ദേശിക്കുകയും ചെയ്തു. ആന്റണിയുടെ അമേരിക്കയിലെ ചികിത്‌സാച്ചെലവുകള്‍ മുഴുവനും എഐസിസി വഹിക്കാനും സോണിയ നിര്‍ദേശിച്ചിരുന്നു. ആന്റണിയുടെ ആരോഗ്യം കോണ്‍ഗ്രസിനും രാജ്യത്തിനും വിലമതിക്കാനാകാത്തതാണെന്നു സോണിയക്കു ബോധ്യമുണ്ട്. ഒരവ സരത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി സ്ഥാനങ്ങളിലേക്കുപോലും ആന്റണിയെ സോണിയ മനസില്‍ കരുതിയിരുന്നുവെന്നാണു ഡല്‍ഹിയില്‍ പലരുടെയും വിശ്വാസം.

അടിമുടി കോണ്‍ഗ്രസ്

വിദഗ്ധ പരിശോധനകള്‍ക്കായി അമേരിക്കയിലേക്കു പോകുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുപോലും ആന്റണി ഡല്‍ഹി പട്യാല കോടതിയിലെത്തി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്കു വേണ്ടി ജാമ്യക്കാരനായി. അധികാരമുപയോഗിച്ചു വളഞ്ഞ വഴികളിലൂടെ കോണ്‍ഗ്രസിനെയും ഇതര പ്രതിപക്ഷ നേതാക്കളെയും പിടിച്ചുകെട്ടാനുള്ള ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രമം വിലപ്പോകില്ലെന്ന് ആന്റണി തറപ്പിച്ചുപറയുന്നു. പല പരീക്ഷണങ്ങളെയും നേരിട്ട കോണ്‍ഗ്രസ് ശക്തമായി വീണ്ടും തിരിച്ചുവരുമെന്നതിലും ഊണിലും ഉറക്കത്തിലും കോണ്‍ഗ്രസ് സ്വന്തം ശ്വാസവായുവാക്കിയ ഈ ഖദര്‍ധാരിക്കു സംശയമില്ല.

ഏറ്റവും കൂടുതല്‍ കാലം രാജ്യത്തെ പ്രതിരോധമന്ത്രിയായിരുന്നു റിക്കാര്‍ഡ് കുറിച്ചു എന്നതുപോലും ആന്റണിക്കു സാധാരണപോലെയാണ്. മൂന്നു തവണ കേരള മുഖ്യമന്ത്രിയും പലതവണ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പഴക്കവും തഴക്കവും ചെന്ന പ്രധാനിയും പാര്‍ട്ടിയുടെ ദേശീയ അച്ചടക്ക സമിതി അധ്യക്ഷനും എഐസിസി ജനറല്‍ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റും ആയിരിക്കുകയും ചെയ്തു പദവികളില്‍ നിന്നു പദവികളിലേക്ക് ഉയരുമ്പോഴും ചേര്‍ത്തലക്കാരന്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി പഴയ എ.കെ. ആന്റണി തന്നെ. മന്ത്രിക്കസേരകളും പദവികളുമൊക്കെ വരുന്നതുപോലെ പോകുമെന്നു അദ്ദേഹം തന്നെ നമ്മെ ഓര്‍മിപ്പിക്കും.

അധികാരത്തില്‍ അലിയില്ല

രാഷ്ട്രീയക്കാരെ പൊതുവേ അധികാരം മത്തുപിടിപ്പിക്കുമ്പോള്‍ കേരളത്തിന്റെ ഈ ജനകീയ നേതാവില്‍ ഒരു മാറ്റവും വരില്ല. കേന്ദ്രമന്ത്രിയോ, എഐസിസി നേതാവോ ഒക്കെയായി ലോകത്തെവിടെ പോയാലും മലയാളിയോടും കേരളത്തോടും പ്രത്യേക മമതയും സ്‌നേഹവും പ്രകടമാക്കാനും അദ്ദേഹം മറക്കില്ല. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും അവശ്യം വേണ്ട വിശുദ്ധിയുടെ പ്രതീകമാണ് ആന്റണി. ആന്റണിയെപ്പോലുള്ള നേതാക്കളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്നുവെന്നതു വരുംതലമുറകള്‍ക്കു കൗതുകമാകും.

ജീവിക്കുന്ന ഗാന്ധിയാണു ആന്റണിയെന്നാണ് അടുത്തിടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടത്. ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമാണ് ആന്റണി. കേരള മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും നിരവധി വര്‍ഷം പ്രവര്‍ത്തിച്ച ആന്റണി ഒരിക്കല്‍പ്പോലും അധികാരമോഹം കാണിച്ചിട്ടില്ല. ആന്റണിയുടെ ജീവിതം പരിശോധിച്ചാല്‍ യഥാര്‍ഥത്തില്‍ അദ്ദേഹം ജീവിക്കുന്ന ഗാന്ധിയാണെന്നു വ്യക്തമാകുമെന്നും രാഷ്ട്രപതി വിശദീകരിച്ചു.

 

ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ മഹാത്മാഗാന്ധി നടത്തിയ ത്യാഗങ്ങളെ അനുസ്മരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി ആന്റണിയെക്കുറിച്ചു പരാമര്‍ശിച്ചത്.

പ്രതിരോധമന്ത്രിസ്ഥാനം ഒഴിഞ്ഞയുടന്‍ ഡല്‍ഹിയില്‍ കൃഷ്ണമേനോന്‍ മാര്‍ഗിലെ വിശാലമായ ഒമ്പതാം നമ്പര്‍ വസതി സ്വയം ഒഴിയാന്‍ ആന്റണി വൈകിയില്ല. രാജ്യസഭാംഗം എന്ന നിലയില്‍ ഡല്‍ഹിയില്‍ കേരള ഹൗസില്‍ നിന്നു വിളിപ്പാടകലെ ജന്തര്‍ മന്തര്‍ റോഡിലെ താരതമ്യേന ചെറിയ രണ്ടാം നമ്പര്‍ വസതി പോലും തനിക്ക് ആവശ്യത്തിലും വലുതാണെന്നു ആന്റണി പറയാറുണ്ട്. കേരള കാര്യങ്ങളില്‍ പ്രത്യേക താത്പര്യം തുടരുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന് ആണയിടുന്നതിനു പിന്നിലും ആന്റണിയുടെ തിരിച്ചറിവു വ്യക്തം.

പരിചയസമ്പന്നന്‍

1977ല്‍ വെറും മുപ്പത്തേഴാമത്തെ വയസില്‍ എംഎല്‍എ പോലുമല്ലാതെ കേരള മുഖ്യമന്ത്രിയായി കേരളചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന നിലയില്‍ ചരിത്രത്തില്‍ ഇടംനേടിയ ആന്റണിയുടെ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്. 2001 മുതല്‍ 2004 വരെ മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പേരില്‍ വീണ്ടും ഡല്‍ഹിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍, രണ്ടു യുപിഎ സര്‍ക്കാരുകളിലെയും ശക്തനായ മന്ത്രിയെന്ന നിലയില്‍ ആന്റണി ഒരിക്കല്‍ക്കൂടി ദേശീയ രാഷ്ട്രീയത്തിലെ വെള്ളിനക്ഷത്രമായി. മുമ്പു 1977-78ലും 1995-96ലും മുഖ്യമന്ത്രിയായിരുന്നതിനേക്കാള്‍ കരുത്തനായിരുന്നു ആന്റണി 2001ല്‍ മുഖ്യമന്ത്രിയായപ്പോഴെന്നതും മറക്കാനാകില്ല. 1996 മുതല്‍ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചപ്പോഴും ആന്റണിയിലെ രാഷ്ട്രീയമികവ് പ്രകടമായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന ലീഡര്‍ കെ. കരുണാകരനുമായി ഇണങ്ങിയും പിണങ്ങിയും നിന്ന ആന്റണിയെയാകും കേരളത്തില്‍ പലരും കൂടുതല്‍ ഓര്‍മിക്കുക. കരുണാകരനില്‍ നിന്നു തികച്ചും വ്യത്യസ്തമായ ശൈലിയില്‍ രാഷ്ട്രീയത്തില്‍ പടവെട്ടിയ ആന്റണിക്കു പക്ഷേ ലീഡറോട് എന്നും പ്രത്യേകമായൊരു ബന്ധമുണ്ടായിരുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആദ്യകാലം മുതലുള്ള സഹചാരിയും നാട്ടുകാരനുമായ വയലാര്‍ രവിയുമായും എക്കാലത്തെയും അടുത്ത സഹപ്രവര്‍ത്തകനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുമുള്ള ആന്റണിയുടെ ബന്ധത്തിനും ആഴവും പ്രത്യേകതകളുമേറെ.

നിലപാടുകളില്‍ വളവില്ലാതെ

വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും മാത്രമല്ല ഭരണത്തിലും ആന്റണി എന്നും വ്യത്യസ്തനായിരുന്നു. സ്വന്തം ബോധ്യങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്ച ചെയ്യാതെ എല്ലാവിഭാഗം നേതാക്കളുമായും ജനങ്ങളുമായും മതമേലധ്യക്ഷന്മാരുമായും മാധ്യമപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും ആന്റണി പുലര്‍ത്തുന്ന സ്‌നേഹബന്ധവും അസാധാരണം തന്നെ.

പലര്‍ക്കും അലോസരവും അസൗകര്യവുമുണ്ടാക്കുന്ന ചില നിരീക്ഷണങ്ങള്‍ തന്റേടത്തോടെ വിളിച്ചുപറയാന്‍ ഇദ്ദേഹം കാട്ടിയ ആര്‍ജവത്തിന് ഉദാഹരങ്ങളേറെയുണ്ട്. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ ഒരണ സമരത്തില്‍ തുടങ്ങിയ വീര്യം തന്നെയാണ് ഒരുഘട്ടത്തില്‍ ഇന്ദിരാഗാന്ധിക്കെതിരേ നിലപാട് സ്വീകരിക്കാനും ഈ ആദര്‍ശധീരനെ പ്രേരിപ്പിച്ചത്.

കേരളത്തില്‍ ചാരായ നിരോധനം നടപ്പാക്കിയതും സംസ്ഥാനത്തു സ്വാശ്രയ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോളജുകള്‍ക്ക് അനുമതി കൊടുത്തതുമെല്ലാം ആന്റണിയാണെന്നതു വിസ്മരിക്കാനാകില്ല. മുഴുവന്‍ വിമുക്ത ഭടന്മാര്‍ക്കും ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത് 2006 ഒക്ടോബര്‍ മുതല്‍ 2014 മേയ് 26 വരെ പ്രതിരോധമന്ത്രിയായിരിക്കെ ആന്റണിയുടെ ധീരമായ തീരുമാനമായിരുന്നു.ak -elizabath

പ്രതിരോധ ഇടപാടുകളിലെ വന്‍ അഴിമതികള്‍ക്കു കൂച്ചുവിലങ്ങിടാന്‍ ആന്റണി നടത്തിയ ശ്രമങ്ങള്‍ പലരെയും അലോസരപ്പെടുത്തി. പ്രതിരോധ ഇടപാടുകളിലെ വന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും രാജ്യത്തെ കഴിവുകെട്ട പ്രതിരോധമന്ത്രിയെന്നു ചിലര്‍ ആക്ഷേപിച്ചപ്പോഴും ആന്റണിയുടെ സത്യസന്ധതയെ ചോദ്യംചെയ്യാന്‍ അന്നത്തെ പ്രതിപക്ഷവും ദേശീയ മാധ്യമങ്ങളും തയാറായില്ല. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗിന്റെയും പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെയും സത്യസന്ധതയെ ആരും ചോദ്യം ചെയ്തില്ലെന്നതു ശ്രദ്ധേയമാണ്.

1940 ഡിസംബര്‍ 28ന് ചേര്‍ത്തല അറയ്ക്കപ്പറമ്പില്‍ കുര്യന്‍പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി ജനിച്ച ആന്റണി ഉയര്‍ന്ന മാര്‍ക്കു നേടിയാണു സ്‌കൂള്‍ ഫൈനലും ബിഎയും പാസായാത്. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാഭ്യാസ കാലത്തു പയറ്റിത്തെളിഞ്ഞ രാഷ്ട്രീയമാകും ലോ കോളജിലെത്തിയപ്പോഴും വക്കീല്‍പ്പണിയേക്കാള്‍ രാഷ്ട്രീയത്തെ സ്‌നേഹിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1985ല്‍ എലിസബത്തിനെ വിവാഹം ചെയ്യുകയും അനിലിന്റെയും അജിത്തിന്റെയും പിതാവ് ആകുകയും ചെയ്ത ആന്റണിയുടെ രാഷ്ട്രീയവും ശൈലികളും ഒരിക്കലും മാറിയില്ല. ആദര്‍ശരാഷ്ട്രീയത്തിന്റെ കറപുരളാത്ത ഖദര്‍ധാരിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിനു നല്‍കാന്‍ ഇനിയുമേറെ കാര്യങ്ങളുണ്ട്.

കടപ്പാട് :ദീപിക

Top