വീരേന്ദ്ര കുമാറുമായി ശത്രുത ഇല്ല, വിയോജിപ്പ് രാഷ്ട്രീയപരം:വീരനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം : വീരേന്ദ്ര കുമാറുമായി ശത്രുത ഇല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എം.പി വീരേന്ദ്രകുമാറിനെയും പാര്‍ട്ടിയെയും ഇടതു മുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിക്കുകയും ചെയ്തു പിണറായി . സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതു മുന്നണിയിലാണെന്ന് പിണറായി പറഞ്ഞു. വിയോജിപ്പുകള്‍ രാഷ്ട്രീയമായി മാത്രമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വീരേന്ദ്രകുമാറിനും അങ്ങനെ തന്നെയാണെന്ന് കരുതുന്നതായും പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് താനും വീരേന്ദ്രകുമാറും ജയില്‍വാസം അനുഭവിച്ചതിനെക്കുറിച്ചും പിണറായി അനുസ്മരിച്ചു.എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വിമര്‍ശിച്ചത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തമ്മില്‍ യോജിപ്പും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്. നാളെ ഒരുമിച്ച് പൊരുതുന്നതിന് ഇതു തടസ്സമല്ലെന്നും പിണറായി പറഞ്ഞു.

എംപി വീരേന്ദ്ര കുമാറിന്റെ ‘ഇരുള്‍ പരക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നിച്ചുനിന്നതെന്നും തന്റെ പുസ്തകം പിണറായി പ്രകാശനം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും വീരേന്ദ്രകുമാര്‍ മറുപടി പ്രസംഗത്തില്‍ പ്രതികരിച്ചു. താനും പിണറായിയും രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. വര്‍ഗീയതയ്ക്കെതിരായി ചില യോജിപ്പുകള്‍ ആവശ്യമെന്നും അതിനു മുന്നണികള്‍ പ്രശ്നമല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. താനും പിണറായിയും ജയിലില്‍ ഒന്നിച്ചുകിടന്നവരാണെന്നും വീരേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യലിസ്റ്റുകളുമായി വിയോജിപ്പ് നിലനില്‍ക്കെതന്നെ ഒന്നായി നിന്നു പൊരുതിയിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. സോഷ്യലിസ്റ്റുകളെ ഇടതുപക്ഷത്ത് കാണാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. അങ്ങനെ ജനങ്ങളുടെ ആഗ്രഹം നിറവേറണമെങ്കില്‍ തിരുത്തേണ്ടത് തിരുത്തണം. പുനരാലോചിക്കേണ്ടത് പുനരാലോചിക്കണം. കാലത്തിന്റെയും ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് ശരിയായ നിലപാടുകള്‍ എടുക്കണം.

അനുകൂലിച്ചപ്പോഴും എതിര്‍ത്തപ്പോഴും വീരേന്ദ്ര കുമാറിന് അര്‍ഹമായ ആദരം നല്‍കി. അത് കാണാതിരിക്കരുത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കുന്ന മനസ്സാണ് വീരേന്ദ്ര കുമാറിന്റേത്. ആഗോളവത്കരണ രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാട് വീരേന്ദ്ര കുമാര്‍ സ്വീകരിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും ഒരുമയെയും തകര്‍ക്കുന്ന വര്‍ഗീയ ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ ധീരമായ നിലപാടെടുത്തു.വര്‍ഷങ്ങള്‍ക്കുശേഷമാണ് പിണറായി വിജയനും വീരേന്ദ്ര കുമാറും ഒരുമിച്ച് ഒരേവേദിയില്‍ പങ്കെടുക്കുന്നത്.

Top