സ്പീക്കർ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വി ടി ബല്‍റാം സ്പീക്കറാകുമോ ?

തിരുവനന്തപുരം: സമവായത്തിലെത്താതെ കോൺഗ്രസിലെ മന്ത്രി ചർച്ച. സ്പീക്കർ പദവി വേണ്ടെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം.
വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകും. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. പക്ഷെ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് വിവരം. ഇതോടെ ചാണ്ടി ഉമ്മന്റെ മന്ത്രി സാധ്യതകൾ മങ്ങും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്തിയാൽ ഏത് വകുപ്പായിരിക്കും എന്നതിൽ ആശങ്ക തുടരുകയാണ്. മന്ത്രിസഭാ പ്രവേശനസാധ്യത മങ്ങുന്നതിനിടെ മുതിർന്ന നേതാവ് എ .കെ ആന്റണിയുമായി ടി സിദ്ദിഖ് കൂടിക്കാഴ്ച നടത്തുകയാണ്. അവകാശവാദങ്ങളുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്.മന്ത്രിയാക്കണമെന്ന ആവശ്യം ഐ സി ബാലകൃഷ്ണൻ ആവർത്തിക്കുകയാണ്. പട്ടികവർഗ വിഭാഗത്തോട് മുഖ്യമന്ത്രിയും കോൺഗ്രസും നീതി കാണിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഐ സി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് പുറമെ, വിശ്വസ്തരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗിന്റെ മന്ത്രിമാർ ആരൊക്കെയെന്നതിൽ തീരുമാനമായി. പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും എൻ ഷംസുദീനും പുറമെ, പി കെ ബഷീറും കെ എം ഷാജിയും മന്ത്രിമാരാകും. വി ഇ അബ്ദുൽഗഫൂറും മന്ത്രിയാകും.

അതേസമയം, നാളെ നടക്കാനിരിക്കുന്ന വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം.

പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തിൽ 12,000 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി വർധിപ്പിച്ചിരിക്കുന്നത്. സാധാരണയുള്ളതിനേക്കാൾ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.

മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രം​ഗത്തുണ്ട്. ടി സിദ്ദിഖിൻ്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കണമെന്ന് ആവശ്യമുണ്ട്. മന്ത്രിയാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഐസി ബാലകൃഷ്ണൻ. പട്ടിക വർഗ പ്രാതിനിധ്യം പറഞ്ഞാണ് സമ്മർദ്ദം ചെലുത്തുന്നത്.

മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിന് ഗവർണ്ണറുടെ സമയം ഇതുവരെയും തേടിയിട്ടില്ല. മൂന്നരക്ക് ശേഷം പട്ടിക കൈ മാറാനാണ് നീക്കം. ‌മുസ്ലിം പ്രതിനിധിയേ ചൊല്ലിയാണ് പ്രധാന തർക്കം. സിദ്ദീഖിൻ്റെയും ഷാനിമോൾ ഉസ്മാൻ്റെയും അൻവറിന്റെയും പേരുകളാണ് ഉയരുന്നത്. ഐസി ബാലകൃഷ്ണനു വേണ്ടി ചെന്നിത്തല പക്ഷം കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഐസി ബാലകൃഷ്ണൻ വന്നാൽ സിദ്ദിഖിന് മന്ത്രിയാകാനുള്ള സാധ്യത കുറയും.

Top