ബത്തേരി : പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് സി.കെ.ജാനു.ഒന്നല്ല നൂറു സോമാലിയകളെ കേരളത്തില്‍ കാണിച്ചു തരാമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാനേതാവു ബത്തേരി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ സി കെ ജാനു . കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ സോമാലിയയേക്കാള്‍ കഷ്ടമാണ് . പ്രധാനമന്ത്രി പറഞ്ഞതിലും ഭീകരമാണ് ആദിവാസി ഊരുകളിലെ അവസ്ഥയെന്നും ജാനു പത്രസമ്മേളനത്തില്‍ പറഞ്ഞു.
മരിച്ചു കഴിഞ്ഞാല്‍ ശവമടക്കാന്‍ പോലുമുള്ള അവസ്ഥ ആദിവാസിക്ക് ഇന്നില്ല . കണക്കുകളില്‍ പല കാര്യങ്ങളുമുണ്ടാവാം . പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തവും ദയനീയവുമായ ചിത്രമാണ് ആദിവാസി ഊരുകളില്‍ കാണാന്‍ സാധിക്കുന്നത് . ജാനു ചൂണ്ടിക്കാട്ടി. ലേബര്‍ ക്യാമ്പ് മോഡലിലാണ് ആദിവാസികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് .
തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാന്‍ പോലും കഴിയാത്ത ആദിവാസികളുണ്ട് . തിരിച്ചറിയല്‍ കാര്‍ഡുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ വാങ്ങിവച്ച് തെരഞ്ഞെടുപ്പിന്റെയന്ന് കൂട്ടത്തോടെ വോട്ടിടീപ്പിക്കാന്‍ കൊണ്ടുപോകുന്നത് നിത്യസംഭവമാണ് . ജാനു പറഞ്ഞു.
ആദിവാസികള്‍ക്ക് ഗുണമുണ്ടാകുന്ന പെസ നിയമം ഇതുവരെയുള്ള ഒരു സര്‍ക്കാരുകളും കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല . കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആദിവാസി ക്ഷേമത്തിന് അനുവദിച്ച തുക കൃത്യമായി നടപ്പിലാക്കാതെ അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു മാറി മാറി വന്ന സര്‍ക്കാരുകളെന്നും ജാനു ആരോപിച്ചു . സത്യം പറഞ്ഞതിന് പ്രധാനമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.