കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍. തെളുവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജാമ്യം കിട്ടാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേശന്‍.നടിയെ ആക്രമിച്ച കേസില്‍ ഇന്ന് പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശനാണ് ഹാജരായത്. മുഖ്യപ്രതി പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.