കൊച്ചി: താന്‍ ആരുടെയും രക്ഷകര്‍ത്താവല്ല. ചെറിയാൻ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ആളാണ്. ചെറിയാന്‍ ഫിലിപ്പിന്‍റെ ആരോപണം എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാന്യമായി അദ്ദേഹത്തോട് സഹകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെറിയാന്‍ ഫിലിപ്പ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ- “ചെറിയാന്‍ ഫിലിപ്പിന് ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കേണ്ടതല്ല, ഇടതുപക്ഷത്തോടൊപ്പം സഹകരിക്കേണ്ടതാണെന്ന് തോന്നി. അദ്ദേഹം ഞങ്ങളോട് സഹകരിച്ചു എന്നത് ശരിയാണ്. മാന്യമായി അദ്ദേഹത്തെ സഹകരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായി എന്നതും വസ്തുതയാണ്. ഇപ്പോള്‍ മറ്റെന്തെങ്കിലും നിലയുണ്ടോ എന്നത് എനിക്കറിയില്ല”.
ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതുണ്ടായില്ല. തെറ്റുകള്‍ തിരുത്തി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അന്ന് വീക്ഷണം മുഖപ്രസംഗമെഴുതിയത്. നാളെ എന്ത് നടക്കുമെന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്നു, കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രളയ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ് ചെയ്തത്. അദ്ദേഹത്തിന് നല്‍കിയിരുന്ന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി തൊട്ടുപിന്നാലെ സര്‍ക്കാര്‍ റദ്ദാക്കി. അടുത്ത ദിവസം ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് വേദി പങ്കിടുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നും കെ സുധാകരനും വിഡി സതീശനും പുതിയ രാഷ്ട്രീയ ആയുധം മൂര്‍ച്ഛകൂട്ടുന്നുവെന്നുമാണ് വിവരം.
ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനം
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല ജല മാനേജ്‌മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.
ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല. അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.
ഖാദി ബോര്‍ഡ് നിയമനം റദ്ദാക്കി ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത് റദ്ദാക്കി. പദവി വേണ്ടെന്നു ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുസ്തക രചനയുടെ തിരക്കിലാണെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖാദി വിൽപ്പനയും ചരിത്ര രചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്നായിരുന്നു വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ഇന്നലത്തെ വിമര്‍ശനം നിയമന ഉത്തരവ് അതിവേഗം റദ്ദാക്കാൻ കാരണമായെന്നാണ് സൂചന.
സിപിഎമ്മുമായി ചെറിയാന്‍ ഫിലിപ്പ് അകലുന്നു എന്ന് കുറച്ച് കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. വൈകാതെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്ന ശേഷമാകും കോണ്‍ഗ്രസ് പ്രവേശം. പ്രളയ ദുരന്ത വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തുവന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ കോഓഡിനേറ്റര്‍ പദവിയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്.
രണ്ട് തവണ രാജ്യസഭാ സീറ്റുകള്‍ ഒഴിവ് വന്നെങ്കിലും ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കാതെ വന്നതോടെയാണ് സിപിഎമ്മില്‍ നിന്ന് അവഗണന നേരിടുന്നു എന്ന പ്രചാരണമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതുമുണ്ടായില്ല. ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാനായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവും ഇറക്കി. എന്നാല്‍ പദവി നിരസിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ് ചെയ്തത്. ഖാദി വില്‍പ്പനയും ചരിത്ര രചനയും ഒന്നിച്ച് നടക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി പരസ്യമായി നിരസിച്ചത് സിപിഎമ്മിന് കുറച്ചിലായിരുന്നു. വിഷയം സൂചിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പിനെ ഫോണില്‍ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് വിവരം.മുസ്ലിം ലീഗ് നേതാവ് അവുകാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരത്തിന് ചെറിയാന്‍ ഫിലിപ്പാണ് അര്‍ഹനായിരിക്കുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് ഉമ്മന്‍ ചാണ്ടിയാണ്. ഏറെ കാലത്തിന് ശേഷം ഇരുവരും ഒരുവേദിയില്‍ ഒന്നിക്കുന്നത് ആദ്യമാണ്. ഇതെല്ലാം അദ്ദേഹം കോണ്‍ഗ്രസുമായി അടുക്കുന്നു എന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ് വിട്ടുപോയിട്ട് വര്‍ഷം 20 കഴിഞ്ഞെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചെറിയാന്‍ ഫിലിപ്പിന് അടുത്ത ബന്ധമുണ്ട്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെത്തുന്നതോടെ പുതിയ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതൃത്വം തുടക്കമിടുമെന്നാണ് വിവരം.