ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നായി !!പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസ്സാക്കി.ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭ വിളിച്ച് ചേർത്ത പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നിയമം രാജ്യത്ത് മതവിവേചനത്തിന് ഇടയാക്കും. പൗരത്വ നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഭരണ പ്രതിപക്ഷം നിയമത്തെ എതിർക്കുന്നതെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തു.

പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പൗരത്വ ഭേദഗതി നിയമം ആർ.എസ്. എസ് അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത തകർക്കുന്ന നിയമം റദ്ദാക്കണം. ഭരണഘടനയിൽ പറയുന്ന മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ് നിയമമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് കേന്ദ്ര സർക്കാർ വിചാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമത്തെ പിന്തുണച്ച ഗവർണർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷ നിലപാടിന് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ പൗരത്വ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പ്രമേയത്തില്‍ പറയുന്നു.മതനിരപേക്ഷത സംരക്ഷിക്കുന്നതിനുളള കൂട്ടായ ശ്രമം എല്ലാ മതവിഭാഗങ്ങളുടെ ഭാഗത്ത് നിന്നും മതനിരപേക്ഷ സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക കണക്കിലെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. മതവിവേചനത്തിന് വഴിവെയ്ക്കുന്നതും ഭരണഘടന പറയുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സര്‍വ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പ്രമേയം സംസ്ഥാന നിയമ സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വ ഭേദഗതിക്കെതിരെ ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുന്നത്. അതേസമയം പൗരത്വ നിയമത്തെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്ന് പറഞ്ഞ രാജഗോപാൽ പ്രമേയത്തെ എതിർത്തു. സഭയുടെ അന്തസ് ഉയർത്തിയ പ്രമേയമാണ് പാസാക്കിയതെന്ന് സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൻമേലുള്ള ചർച്ചയിൽ 19 പേർ പങ്കെടുത്തു.

Top