രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ കഴിവുകെട്ടവർ !ഒന്നാം പിണറായി ഭരണകാലത്തെ മന്ത്രിമാരുടെ പ്രകടനങ്ങളുടെ ഏഴയലത്ത് എത്താൻ പോലും സാധിക്കുന്നില്ല. സിപിഎമ്മിൽ രൂക്ഷവിമർശനം, അഴിച്ചുപണിക്ക് സാധ്യത?

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ കഴിവുകെട്ടവർ !ഒന്നാം പിണറായി ഭരണകാലത്തെ മന്ത്രിമാരുടെ പ്രകടനങ്ങളുടെ ഏഴയലത്ത് എത്താൻ പോലും സാധിക്കുന്നില്ല. സിപിഎമ്മിൽ രൂക്ഷവിമർശനം ഉയർന്നിരിക്കയാണ്.മന്ത്രി സഭ അഴിച്ചുപണിക്ക് സാധ്യതയും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു .

കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാരുടെ പ്രകടനങ്ങളിൽ വലിയ വിമർശനമായിരുന്നു ഉയർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ പ്രകടനങ്ങളുടെ ഏഴയലത്ത് എത്താൻ പോലും സാധിക്കുന്നില്ലെന്നും ജനങ്ങൾക്ക് ഇടയിലേക്ക് നേതാക്കൾ ഇറങ്ങുന്നില്ലെന്നുമായിരുന്നു വിമർശനം. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭയിൽ അഴിച്ച് പണി ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടാം സർക്കാരിലെ മന്ത്രിമാരുടെ പ്രകടനം ദയനീയമാണെന്നായിരുന്നു അഞ്ച് ദിവസം നീണ്ട നിര്‍ണ്ണായക നേതൃയോഗങ്ങളിൽ ഉയർന്ന വിമർശനം. ആരോഗ്യം, തദ്ദേശം , പൊതുമരാമത്ത് വകുപ്പ് കൂടാതെ ഘടകക്ഷികൾ കൈകാര്യം ചെയ്യുന്ന കെ എസ് ആർ ടി സി, കെ എസ് ഇബി തുടങ്ങിയ വകുപ്പുകൾക്കെല്ലാം എതിരെ നേതാക്കൾ രംഗത്തെത്തിയിരുന്നു.

നേതാക്കളെ പേരെടുത്ത് പറയാതെ വകുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുതിർന്ന നേതാവായിട്ട് കൂടി പ്രവർത്തനങ്ങളിൽ വേഗം പകരാൻ സാധിക്കുന്നില്ല, അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകുന്നു എന്നീ ആക്ഷേപങ്ങളായിരുന്നു തദ്ദേശ വകുപ്പിനെതിരെ ഉയർന്നത്. സർക്കാരിന്റെ മുഖമാകേണ്ട ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകൾക്കെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യം ആണ് ഉള്ളതെന്നും യോഗം വിലയിരുത്തിയിരുന്നു.

യൂനിയനുകളെ പോലും വെറുപ്പിക്കുന്ന നിലയിലുള്ള ഇടപെടലുകളാണ് കെഎസ്എആർസി, കെ എസ് ഇബി വകുപ്പുകളിൽ നിന്നും ഉണ്ടാകുന്നതെന്നായിരുന്നു മറ്റൊരു വിമർശനം. ബഫർസോൺ വിഷയത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന പരാതിയായിരുന്ന വനം വകുപ്പിനെതിരെ ഉയർന്നത്. മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്നും അനാവശ്യമായി പല കാര്യങ്ങളിലും മുഖ്യമന്ത്രിയെ ഇടപെടുത്തുകയാണെന്നും യോഗത്തിൽ ചർച്ചയായി. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നായിരുന്നു മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉയർത്തിയ വിമർശനം.

മുൻ സർക്കാരിൽ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങളേയും യുവാക്കളേയുമായിരുന്നു പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. നേതാക്കളുടെ പരിചയകുറവ് തന്നെയാണ് മന്ത്രിസഭ പ്രതീക്ഷിക്കൊത്ത നിലയിലേക്ക് ഉയരാതെ പോകുന്നതെന്നായിരുന്നു യോഗത്തിലെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് ഉടൻ തന്നെ ഒരു പുനഃസംഘനയ്ക്ക് നേതൃത്വം തയ്യാറാകുമോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.

എന്നാൽ വ്യാപകമായ അഴിച്ച് പണി സി പി എം നടത്താനുള്ള സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ചില മാറ്റങ്ങൾക്ക് സാധ്യത കൽപ്പിക്കപെടുന്നുമുണ്ട്. സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചതോടെ അദ്ദേഹത്തിന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകുകയായിരുന്നു. ഈ സ്ഥാനത്തേക്ക് പുതിയ നേതാവിനെ പരിഗണിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നത്.

വിദ്യാഭ്യാസ വകുപ്പിലും മാറ്റം ഉണ്ടേയ്ക്കുമെന്ന സൂചനയുണ്ട്. നിയമസഭ കയ്യാങ്കളി കേസ് കോടതി പരിഗണിക്കുന്നതോടെ മന്ത്രി ശിവൻകുട്ടിക്ക് മാറി നിൽക്കേണ്ടി വന്നേക്കും. അങ്ങനെയെങ്കിൽ പുതിയ മന്ത്രി ഉണ്ടായേക്കും.മാത്രമല്ല സംഘടന തലത്തിലും ചില അഴിച്ച് പണികൾ ഉണ്ടായേക്കുമെന്നുള്ള സൂചനയുണ്ട്. എന്നാൽ നിലവിൽ അത്തരത്തിലൊരു പൊളിച്ചെഴുത്തിന് പാർട്ടി ആലോചിക്കുന്നില്ലെന്നാണ് സി പി എം നൽകുന്ന ഔദ്യോഗിക വിശദീകരണം. കുറവുകൾ പരിഹരിച്ച് ക്ഷേമ പദ്ധതികളിലൂന്നി മുന്നോട്ട് പോകാനായിരിക്കും തീരുമാനം. തിരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റേയും പാർട്ടിയുടേയും പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമങ്ങളിലായിരിക്കും സി പി എം ശ്രദ്ധയൂന്നുക.

Top