കൊച്ചി : ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചതിനെ തുടർന്ന് ലീഗ് നേതാക്കൾ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്ന് മുഖ്യമന്ത്രി പിണറായി .താൻ പറഞ്ഞത് ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കുറിച്ചാണെന്നും അല്ലാതെ എല്ലാ തങ്ങൾമാരെക്കുറിച്ചുമല്ലെന്നും മുഖ്യമന്ത്രി . വർഗീയതയോട് കോൺഗ്രസിന് മൃദു സമീപനമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പല കോൺഗ്രസുകാർക്കും വർഗീയ നിലപാടാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർ എസ് എസുകാരനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു. അയാളെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം നെടുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി തങ്ങളെക്കുറിച്ചെന്താ പറയാൻ പാടില്ലെ?. ലീഗ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടിനോട് സമരസപെട്ടിരിക്കുകയാണെന്നും മുൻപ് എപ്പോഴെങ്കിലും ലീഗ് ജമാഅത്ത് ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ എന്നും സാദിഖ് അലി തങ്ങൾ അല്ലേ അപ്പോൾ അതിന് ഉത്തരവാദിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
എസ്ഡിപിഐ-ജമാത്തെ ഇസ്ലാമി എന്നിവയെ മാത്രമല്ല ആർഎസ്എസിനേയും സിപിഐഎം എതിർക്കുമെന്നും തലശ്ശേരി കലാപത്തിൽ സിപിഐഎം പ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട്ടെ മറ്റ് തങ്ങൾമാരെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്നും തീവ്രവാദ ഭാഷ സ്വീകരിക്കാൻ ലീഗ് തയാറാകരുതെന്നും ജമാ അത്തിൻ്റെ തീവ്രവാദ ഭാഷ സ്വീകരിച്ച് കൊണ്ട് ഞങ്ങളോട് വരരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഏതൊരു വർഗീയതയും മറ്റൊരു വർഗീയതയെ ശക്തിപെടുത്തുന്നതാണ്. വർഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് മണിപ്പൂർ വിഷയത്തിലും മുഖ്യമന്ത്രി തൻ്റെ അഭിപ്രായം രേഖപ്പെടുത്തി. മണിപ്പൂർ അക്ഷരാർത്ഥത്തിൽ കത്തുകയാണെന്നും അവിടെ ഒരു സർക്കാരുണ്ടോ? എന്നും മുഖ്യമന്ത്രി പരിഹസിച്ചു. മണിപ്പൂർ മുഖ്യമന്ത്രി മോദിയുടേയും ബിജെപിയുടേയും സംരക്ഷണയിൽ ആണ് നിൽക്കുന്നതെന്നും മണിപ്പൂരിൽ യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.