കേന്ദ്രത്തിനെതിരെ കേരളത്തിനൊപ്പം ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍.ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സമരം.കോൺഗ്രസ് വിട്ടുനിന്നു

ഡല്‍ഹി: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്‍റെ സമരത്തില്‍ പങ്കു ചേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്.. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.

ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരവേദിയില്‍ എത്തിചേർന്നിട്ടുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും സമരവേദിയില്‍ സന്നിഹിതരായിരുന്നു.

വി എസ് സർക്കാരിന്റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്‍റെ ആരോപണം.

Top