മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടം 1200 കോടി രൂപ; നഷ്ടപ്പെട്ടത് 231 ജീവനുകള്‍.ഇരകള്‍ക്ക് ആദരാഞ്ജലിയോടെ നിയമസഭ തുടങ്ങി,സമ്മേളനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിക്കാൻ കോപ്പ് കൂട്ടി പ്രതിപക്ഷം

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമായി . വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെട്ടു. 47 വ്യക്തികളെ കാണാതായി. 145 വീടുകള്‍ പൂര്‍ണമായും 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 217 കോടിയുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

ദുരന്തം ഉണ്ടായതിന് ശേഷം ദുരന്തബാധിതകര്‍ക്ക് കൃത്യമായി അടിയന്തരസഹായം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലമായാണ് കേരളത്തില്‍ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ രൂപീകരിച്ചു. ദുരന്തങ്ങളെ അതിജീവിക്കാന്‍ പൊതുസമൂഹത്തിന്റേയും ശാസ്ത്ര സമൂഹത്തിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട. അത് ഒഴിച്ച് നിര്‍ത്തിയാല്‍ ആകെ സഭ സമ്മേളിക്കുക എട്ട് ദിവസം മാത്രം. അതിനുള്ളില്‍ സഭയെ പിടിച്ചു കുലുക്കാന്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ അസ്ത്രങ്ങള്‍ അനവധി. മലപ്പുറം വിവാദ പരാമര്‍വും പിന്നാലെ ഉണ്ടായ, പിആര്‍ ഏജന്‍സി വിവാദവും ന്യായീകരിച്ച് സര്‍ക്കാര്‍ വശംകെടും.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം തുടരും. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകൾ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.

എന്നാൽ ഇത്തവണത്തെ സമ്മേളനകാലയളവിൽ സഭ കലുഷിതമാകാനാണ് സാധ്യത. നിയമസഭയിൽ സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എഡിജിപി – ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആർ കമ്പനി ബന്ധങ്ങളും സഭയിൽ വാദപ്രതിവാദങ്ങൾക്ക് കാരണമാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ അന്യായമായി ഒഴിവാക്കിയത് ആദ്യദിനത്തിൽ തന്നെ പ്രതിപക്ഷം ചോദ്യം ചെയ്യും.

വിവാദ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്തരല്ല, സർക്കാരോ മുഖ്യമന്ത്രിയോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദ ഹിന്ദു ദിനപത്രം താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ചേർത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് അനുവാദമില്ലാതെ ആരെങ്കിലും കയറിവരുമോയെന്നും പൊലീസിന് പോലും പരിചയമില്ലാത്തയാള്‍ കയറി വന്നെന്ന് പറയുമ്പോള്‍ ആര് വിശ്വസിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത്. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതി കൊടുത്ത കെയ്സണെതിരെയും റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു പത്രത്തിനെതിരെയും കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്നും സതീശന്‍ ആവർത്തിച്ച് ചോദിച്ചു. മാധ്യമങ്ങളുടെ ഈ ചോദ്യത്തിന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

Top