
കൊച്ചി: പ്രളയക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു. പ്രതിപക്ഷ നേതാവും ഡിജിപിയും അടങ്ങുന്ന സംഘമാണ് കനത്ത മഴ നാശം വിതച്ച ജില്ലകള്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കുന്നത്. സംഘം മൂന്ന് സ്ഥലങ്ങളില്‍ നേരിട്ടിറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തും. ആറ് സ്ഥലങ്ങളില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥകാരണം മൂന്നാക്കി ചുരുക്കുകയായിരുന്നു.
രാവലെ 7.45 ഓടു കൂടിയാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് യാത്രയാരംഭിച്ചത്. മലപ്പുറം, വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ
ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. 8.45 ഓടു കൂടി മുഖ്യമന്ത്രി ഇടുക്കിയില്‍ എത്തും. കട്ടപ്പനയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പിന്നീട് വയനാട്ടിലേക്ക് തിരിക്കുന്ന സംഘം സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
പിന്നീട് കോഴിക്കോട്ടെത്തി ഹെലികോപ്റ്ററില്‍ ഇന്ധനം നിറച്ച ശേഷം എറണാകുളത്തേക്ക് തിരിക്കും. അവിടുത്തെ പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരുമുണ്ട്.