കലാപമുണ്ടാക്കുന്ന വാര്‍ത്ത നല്‍കാന്‍ തയ്യാറായി രാജ്യത്തെ മാധ്യമങ്ങള്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട്

അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന കോബ്ര പോസ്റ്റ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങളെക്കുറിച്ചാണ് കോബ്ര പോസ്റ്റ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ പല മാധ്യമങ്ങളും പെയ്ഡ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ടെന്ന് പലര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അതും കടന്ന് വര്‍ഗ്ഗീയ കലാപമുണ്ടാക്കുന്നതിനുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാണെന്ന വാര്‍ത്തയാണ് കോബ്ര പോസ്റ്റ് തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുവാനും, വര്‍ഗീയ കലാപമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുവാനും ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചതായാണ് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലാകെ ഹിന്ദുമതത്തിലേക്ക് ജനങ്ങളെ മാറ്റുന്നതിനായി ശാരീരിക പീഡനമടക്കം നടത്തുന്ന സ്ഥാപനങ്ങളുണ്ടെന്നും അവയിലൊന്ന് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള കോബ്ര പോസ്റ്റിന്‍രെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണ്ടെത്തല്‍ അടുത്തകാലത്ത് സത്യമാണെന്ന് തെളിഞ്ഞിരുന്നു. തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്റെറാണിതെന്ന് പിന്നീട് തെളിവുകള്‍ സഹിതം പുറത്തുവന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണോ അവരുടെ എതിരാളികള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സന്നദ്ധരാണെന്ന് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുഷ്പ ശര്‍മ്മ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പുഷ്പ ശര്‍മ്മ രണ്ട് ഡസനോളം മാധ്യമപ്രവര്‍ത്തകരെ കണ്ടുവെന്നും ,ആറ് കോടി രൂപ മുതല്‍ 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തപ്പോള്‍, അവരുടെ മാധ്യമസ്ഥാപനങ്ങളില്‍ പാര്‍ട്ടികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ അവസരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും അന്വേഷണ പരമ്പരയില്‍ വ്യക്തമാക്കുന്നുണ്ട്.

ആദ്യ മൂന്നു മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുകയും തുടര്‍ന്ന് വിനയ് കത്യാര്‍, ഉമാ ഭാരതി, മോഹന്‍ ഭാഗവത് എന്നീ ആര്‍എസ്എസുകാരുടെ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ അടങ്ങുന്ന പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുകയും, പിന്നീട് രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് എന്നിവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണ രീതി മാറ്റുകയും ചെയ്യും. ചാനലുകള്‍ തുടങ്ങിവയ്ക്കുന്ന ഈ പ്രചാരണം തുടര്‍ന്ന് പ്രിന്റ്, ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും എത്തിക്കുന്നുണ്ട്.

ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, 9എക്സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ച്എന്‍എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, സാധ്ന പ്രൈം ന്യൂസ് എന്നീ മാധ്യമസ്ഥാപനങ്ങളുമായാണ് പുഷ്പ ശര്‍മ്മ സംസാരിച്ചത്. ഇവരെല്ലാം ആര്‍എസ്എസ് ബിജെപി ചായ്വുള്ളവരാണെന്ന് സമ്മതിക്കുകയും ചെയ്യുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ മാധ്യമങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ ശക്തമായിരിക്കെയാണ് ചില മാധ്യമങ്ങള്‍ പരസ്യമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് അനൂകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രമല്ല, പരസ്യങ്ങള്‍ പ്രചരിപ്പിക്കാനും തയ്യാറാണെന്ന് ഇവര്‍ തന്നെ പറയുന്നു.

Top