വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം പ്രതിസന്ധി നേരിടുന്നു. പ്രസിഡന്റിന്റെ രണ്ടു മുന്‍ അനുയായികള്‍ സാമ്പത്തിക ക്രമക്കേടില്‍ കുറ്റക്കാരെന്ന് വ്യക്തമായതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കൊഹെന്‍ കുറ്റം സമ്മതിച്ചപ്പോള്‍ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട്ട് കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രംപ് സര്‍ക്കാര്‍ ഇംപീച്‌മെന്റ് അടക്കമുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ട്രംപിന്റെ ദീര്‍ഘനാളായുള്ള അഭിഭാഷകനും സാമ്പത്തിക ഇടപാടുകാരനുമായ മൈക്കല്‍ കൊഹെന്‍ പ്രചാരണ പരിപാടികളിലെ സാമ്പത്തിക ലംഘനങ്ങളടക്കം എട്ട് ആരോപണങ്ങളില്‍ ഇന്നലെ കുറ്റം സമ്മതിച്ചു. ട്രംപിന് ബന്ധമുണ്ടായിരുന്ന രണ്ട് നീലച്ചിത്ര നടികള്‍ക്ക് കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ട്രംപ് പണം നല്‍കിയതായും കൊഹെന്‍ പറഞ്ഞു.
പ്രസിഡന്റിന്റെ മുന്‍ പ്രചാരണ വിഭാഗം അദ്ധ്യക്ഷനായ പോള്‍ മാന്‍ഫോര്‍ട്ട് ബാങ്ക്, നികുതി തട്ടിപ്പുകളുടെ പേരിലുള്ള എട്ട് കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.
2016-ലെ തിരഞ്ഞെടുപ്പിനിടെ, രണ്ടു സ്ത്രീകള്‍ക്ക് പണം നല്‍കാന്‍ ട്രംപ് തന്നെ ഏല്‍പ്പിച്ചതായി കൊഹെന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സാമ്പത്തിക ലംഘനങ്ങളടക്കമുള്ള നിരവധി ആരോപണങ്ങളില്‍ കുറ്റസമ്മതം നടത്തുന്നതിനിടെയാണ് നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിനും മുന്‍ പ്ലേബോയ് മോഡല്‍ കാരെന്‍ മക്‌ഡൊഗെലിനും പണം നല്‍കിയ കാര്യം കൊഹെന്‍ വെളിപ്പെടുത്തിയത്. ഇത് പ്രാചാരണ നിയമലംഘനമാണെന്നും കൊഹന്‍ പറഞ്ഞു.
വിര്‍ജീയയില്‍ നടന്ന സാമ്പത്തിക തട്ടിപ്പു വിചാരണയിലാണ് ട്രംപിന്റെ മുന്‍ പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട്ട് ശിക്ഷിക്കപ്പെട്ടത്. നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടുകളില്‍ ഇയാള്‍ക്ക് ലക്ഷക്കണക്കിനു ഡോളര്‍ നിക്ഷേപമുണ്ടെന്നും ബാങ്കുകളെ പറ്റിച്ച് ദശലക്ഷക്കണക്കിനു ഡോളര്‍ വായ്പ നേടി എന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം.