തിരുവനന്തപുരം: ഐഎഎസുകാര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കാതിരുന്ന കോഴിക്കോട് കളക്ടര്‍ക്ക് പണികിട്ടി. കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെതിരെ നടപടിയെുത്താണ് ഐഎഎസുകാര്‍ കലിപ്പ് തീര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് എംപിയുമായുണ്ടായ നേരെത്തെയുള്ള തര്‍ക്കങ്ങളുടെ പേരിലാണ് പുതിയ നടപടിയെങ്കിലും സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പ്രതികാരമാണെന്നാണ് സൂചന.
ചീഫ് സെക്രട്ടറി അയച്ച നോട്ടീസ് കഴിഞ്ഞ ദിവസം കളക്ടര്‍ ബ്രോയുടെ ഓഫീസില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു മാസം മുമ്പ് കോഴിക്കോട് എംപി എം.കെ. രാഘവനുമായുണ്ടായ പ്രശ്നത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് അച്ഛടക്ക ലംഘനമാണെന്നും വിശദീകരണം നല്കണമെന്നുമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.കെ. രാഘവനുമായുള്ള വാദപ്രതിവാദത്തില്‍ കളക്ടര്‍ തൃപ്തികരമായ മറുപടി നല്കാന്‍ കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ സര്‍വീസ് ചട്ടം അനുസരിച്ച് നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്കുന്നു. 15 ദിവസത്തിനകം നോട്ടീസിനു മറുപടി നല്കാനാണ് കളക്ടര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ഐഎഎസ് അസോസിയേഷന്‍ ജനുവരി 11നു നടത്തിയ പണിമുടക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണു പൊളിച്ചത്. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി കര്‍ശനമായി ശാസിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസിനെതിരായ സമരത്തില്‍ പങ്കെടുക്കില്ലെന്ന് കളക്ടര്‍ പ്രശാന്ത് പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യം അദ്ദേഹം മേലുദ്യോഗസ്ഥരെ അറിയിച്ചു. അതിനാല്‍ത്തന്നെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തില്‍നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. ഇതാണ് ചീഫ് സെക്രട്ടറി വിജയാനന്ദിനെ പ്രകോപിപ്പിച്ചത്. കളക്ടര്‍ക്കെതിരേ പകരംവീട്ടാന്‍ എം.കെ. രാഘവന്‍ എംപിയുമായുള്ള പ്രശ്നത്തിന്റെ ഫയല്‍ ജനുവരി 11നു തന്നെ ചീഫ് സെക്രട്ടറി തപ്പിയെടുക്കുകയായിരുന്നു.
ഏഴു മാസം മുമ്പാണ് കളക്ടര്‍ പ്രശാന്തും എം.കെ. രാഘവനും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദം സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് കളക്ടര്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിന് കുന്നംകുളത്തിന്റെ ‘മാപ്പ്’ പോസ്റ്റ് ചെയ്തായിരുന്നു കളക്ടറിന്റെ മറുപടി.