കോവിഡ് 19 എന്ന വൈറസ് ജനങ്ങള്‍ക്ക് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. എന്നാല്‍ തായ്ലന്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധ ചികിത്സയെ തുടര്‍ന്ന് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണിലെ കൃഷ്ണമണിയുടെ നിറം തവിട്ട് നിറമായിരുന്നത് നീല നിറമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടിക്ക് ആദ്യ ലക്ഷണമായി ചുമയും പനിയും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ഫാവിപിരാവിര്‍ (Favipiravir) എന്ന മരുന്ന് നല്‍കി. ലഘുവായ വയറിളക്കവും മറ്റ് പൊതു ലക്ഷണങ്ങളും ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. പക്ഷേ, ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തിലാക്കിയത് കുഞ്ഞിന്റെ കണ്ണുകളുടെ കോര്‍ണിയയില്‍ ഉണ്ടായ നിറവ്യത്യാസമാണ്. ചികിത്സ ആരംഭിച്ച് 18 മണിക്കൂറിന് ശേഷം, സൂര്യപ്രകാശം ഏറ്റതിന് പിന്നാലെ കുഞ്ഞിന്റെ കണ്ണുകളുടെ കോര്‍ണിയ നീല നിറമായി മാറി.
എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിന്റെ കണ്ണിന്റെ അവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങി. അഞ്ചാം ദിവസമായപ്പോഴേക്കും കുട്ടിയുടെ കോര്‍ണിയ അതിന്റെ സാധാരണ നിറത്തിലേക്ക് മടങ്ങി. ഏതായാലും കുട്ടിക്കായി നടത്തിവന്നിരുന്ന കോവിഡ് പ്രതിരോധ ചികിത്സ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ സംഘം.