പത്താം ക്ലാസ്സുകാരന് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനവും ഭീഷണിയും ; ആറന്മുള സി.ഐ രാഹുല്‍ രവീന്ദ്രനെതിരെ പരാതി

കോഴഞ്ചേരി : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 15 വയസ്സുകാരനെ തല്ലിച്ചതച്ച് ആറന്മുള സി.ഐ രാഹുല്‍ രവീന്ദ്രന്‍. നാരങ്ങാനം വെസ്റ്റ്‌ മഞ്ഞപ്ര വീട്ടില്‍ ബിജുവിന്റെ മകന്‍ ജിഷ്ണു ബിജുവിനാണ് ആറന്മുള മാതൃകാ പോലീസ് സ്റ്റേഷനില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ജിഷ്ണു ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. തലവേദന ഉണ്ടെന്നും ചെവിയുടെ കേള്‍വിശക്തി ഭാഗീകമായി നഷ്ടപ്പെട്ടുവെന്നും ജിഷ്ണുവും മാതാപിതാക്കളും പറയുന്നു. ജില്ലാ  പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കി. സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. കോഴഞ്ചേരി ഗവര്‍മെന്റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഈ സ്കൂളിലെ ചില വിദ്യാര്‍ത്ഥികളും കോഴഞ്ചേരി മാര്‍ത്തോമ്മാ സ്കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ശനിയാഴ്ച ഉച്ചക്ക് കോഴഞ്ചേരി ബസ്സ്‌ സ്റ്റാന്‍ഡില്‍ വെച്ച് ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസ് ഔട്ട്‌ പോസ്റ്റില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജിഷ്ണുവിനെയും അജു ഷാജി എന്ന വിദ്യാര്‍ത്ഥിയെയും  ആറന്മുള സ്റ്റേഷനില്‍ എത്തിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് ഇത് നടന്നത്. ഒരാളെ സന്ധ്യയോടെ മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഒരുമണിക്ക് സ്റ്റേഷനില്‍ എത്തിച്ച കുട്ടികളുടെ കയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ പോലീസുകാര്‍ വാങ്ങി വെച്ചു എന്നു പറയുന്നു. വീട്ടുകാരെ വിവരം അറിയിച്ചില്ലെന്ന് മാത്രമല്ല കുടിക്കാന്‍ വെള്ളംപോലും നല്‍കിയില്ലെന്ന് ജിഷ്ണുവും മാതാപിതാക്കളും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിനെ കണ്ട് ഭയന്ന് ഓടിയ അജു ഷാജിയുടെ കാലില്‍ ഇരുമ്പ് ആണി തറച്ചിരുന്നു. വിവരം ധരിപ്പിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കുവാനോ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. ഇതിനിടയില്‍ എങ്ങനെയോ വിവരം അറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവര്‍ എത്തിയതിനു ശേഷമാണ് കുട്ടികള്‍ ഭക്ഷണംപോലും കഴിക്കുന്നത്‌. വിവരം അറിഞ്ഞ് ആജുവിന്റെ മാതാവും സ്റ്റേഷനില്‍ എത്തിയിരുന്നു. കാലില്‍ ആണി തറച്ച അജുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി കുത്തിവെപ്പ് എടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ലെന്ന് മാതാവ് കുറ്റപ്പെടുത്തി.

രാത്രി ഒന്‍പതുമണി വരെ ഈ വിദ്യാര്‍ത്ഥികളെ പത്തനംതിട്ട ജില്ലയിലെ മാതൃകാ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി. ഒന്‍പതു മണിയോടെ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളുടേയും പോലീസിന്റെ സാന്നിധ്യത്തില്‍ പ്രശ്നം പറഞ്ഞു തീര്‍ത്തു. തുടര്‍ന്ന് എല്ലാവരും സ്റ്റേഷനില്‍ നിന്ന് പോകുകയും ചെയ്തു. ഏറ്റവും അവസാനം പോകാന്‍ ഇറങ്ങിയത്‌ ജിഷ്ണു ആണ്. പിതാവ് ബിജുവുമായി മുറ്റത്തേക്ക്‌ ഇറങ്ങിയ ജിഷ്ണുവിനെ ഒരു ഒപ്പിടുവാന്‍ ഉണ്ടെന്നു പറഞ്ഞ് സി.ഐ രാഹുല്‍ രവീന്ദ്രന്‍ തിരികെവിളിച്ചു. ഈ സമയം പിതാവ് ബിജു മുറ്റത്ത്‌തന്നെ നില്‍ക്കുകയായിരുന്നു. അകത്തേക്ക് കയറിയ ജിഷ്ണുവിനെ സി.ഐയുടെ മുറിയുടെ അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയെന്നും കേറിയപാടെ തെറി വിളിച്ചുകൊണ്ടു അടിച്ചുവെന്നും ജിഷ്ണു പറയുന്നു.

കഴുത്തില്‍ പിടിച്ച് ഉയര്‍ത്തിയെന്നും ഇടത്തെ കരണക്കുറ്റിക്ക് മൂന്നുപ്രാവശ്യം അടിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. അടിയുടെ ശബ്ദം കേട്ട് പിതാവ് ബിജു സ്റ്റേഷനിലേക്ക് ഓടിഎത്തിയപ്പോഴേക്കും ജിഷ്ണുവും സി.ഐയും പുറത്തേക്ക് വന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അടിച്ചതിനു ശേഷം സി.ഐ ഭീഷണിപ്പെടുത്തിയെന്നും ഇവിടെ നടന്ന കാര്യങ്ങള്‍ ആരോടും പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്നും സി.ഐ രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞതായി ജിഷ്ണു പറയുന്നു. നിറഞ്ഞ കണ്ണുമായി പുറത്തേക്ക് വന്ന ജിഷ്ണു പിതാവ് ചോദിച്ചിട്ടും എന്താണ് നടന്നതെന്ന് പറഞ്ഞില്ല. വീട്ടിലേക്കു പോകുന്നവഴി ശക്തമായ തലവേദനയും ചെവിക്ക് കേഴ്വിക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിഷ്ണു പിതാവിനോട് നടന്നകാര്യങ്ങള്‍ പറയുകയും കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ കോവിഡ്‌ ആശുപത്രിയായതിനാല്‍ വേദനക്കുള്ള മരുന്ന് നല്‍കി ഇവരെ വീട്ടിലേക്കു പറഞ്ഞുവിടുകയായിരുന്നു.

ജിഷ്ണു അടുത്തനാളില്‍ സി.പി.എം പോഷക സംഘടനയായ ബാലസംഘത്തിന്റെ സെക്രട്ടറിയായിരുന്നു. ഇതായിരിക്കും ജിഷ്ണു കൂടുതല്‍ വിഷയങ്ങളിലേക്ക് പോയതെന്ന സംശയം സ്റ്റേഷനില്‍ നിന്നും പോകാന്‍നേരം ബിജു, സി.ഐ രാഹുല്‍ രവീന്ദ്രനുമായി പങ്കു വെച്ചിരുന്നു. ഇത് കേട്ടതോടെയാണ് പൊടുന്നനെ ജിഷ്ണുവിനെ സി.ഐ തിരികെ സ്റ്റേഷനിലേക്ക് തിരികെ വിളിച്ചതെന്നും ജിഷ്ണുവിന്റെ പിതാവ് ബിജു പറഞ്ഞു. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമ അനുശാസിക്കുന്ന രീതിയില്‍ ശിക്ഷിക്കണം, എന്നാല്‍ അവനെ ദേഹോപദ്രവം ഏല്‍പ്പിച്ചതും  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും അംഗീകരിക്കില്ലെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും ബിജുവും കുടുംബവും പറഞ്ഞു.

ഈ കേസിന്റെ മറുവശം മറ്റൊന്നാണ്. ജിഷ്ണു ഉള്‍പ്പെടുന്ന മൂന്നംഗ സംഘം കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് മര്‍ദ്ദിച്ചത് കോഴഞ്ചേരി മാര്‍ത്തോമ്മ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി റിയാന്‍ റെജി ജോര്‍ജ്ജിനെയാണ്. കീഴുകര സ്വദേശി റെജിയുടെ ഏക മകനാണ് റിയാന്‍. തന്നെ മര്‍ദ്ദിച്ചവരെ മുമ്പ് പരിചയമില്ലെന്നും എന്തിനാണ് തന്നെ അടിച്ചതെന്നും റിയാന് അറിയില്ല. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുവരുമ്പോള്‍ പൊടുന്നനെ ഒരു കാരണവും ഇല്ലാതെ തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് റിയാന്‍ പറയുന്നു. തന്റെ മകന്റെ ശരീരത്തില്‍ നിരവധി ക്ഷതങ്ങള്‍ ഉണ്ടെന്നും അടിച്ചവര്‍ സ്വബോധത്തോടെയല്ലായിരുന്നെന്നും റിയാന്‍ ഒരുവഴക്കിനും പോകുന്നവനല്ലെന്നും പൊതുവേ ശാന്തസ്വഭാവക്കാരന്‍ ആണെന്നും റിയാന്റെ പിതാവ് പ്രവാസിയായിരുന്ന റെജി പറഞ്ഞു.

ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയെ താന്‍ അടിച്ചുവെന്ന ആരോപണം ആറന്മുള സി.ഐ രാഹുല്‍ രവീന്ദ്രന്‍ നിഷേധിച്ചു. താന്‍ ഒരു അദ്ധ്യാപകന്‍ ആയിരുന്നെന്നും അതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ വിദ്യാര്‍ത്ഥിയെക്കുറിച്ച് പല പരാതികളും തനിക്ക് കിട്ടിയിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. റിയാന്‍ എന്ന വിദ്യാര്‍ത്ഥിയെ ജിഷ്ണു ഉള്‍പ്പെടുന്ന സംഘം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും സംഭവത്തിന് കോഴഞ്ചേരിയിലെ നിരവധിപ്പേര്‍ ദൃക്സാക്ഷികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണു എന്ന വിദ്യാര്‍ത്ഥി കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അതിന് നിയമപരമായ നടപടികള്‍ ആണ് ആവശ്യം. പ്രശ്നപരിഹാരത്തിന് ശേഷം പുറത്തേക്കു പോയ ജിഷ്ണുവിനെ വീണ്ടും സ്റ്റേഷന് അകത്തേക്ക് സി.ഐ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട് എന്ന ആരോപണം സത്യമാണെങ്കില്‍ അതെന്തിന് എന്നചോദ്യത്തിന് പ്രസക്തിയേറുന്നു. പ്രായപൂര്‍ത്തി ആകാത്തവരെ എന്നല്ല ആരെയും മര്‍ദ്ദിക്കാന്‍ പോലീസിന് അവകാശമോ അധികാരമോ ഇല്ല. ഇത് സംബന്ധിച്ച പല ഉത്തരവുകളും കോടതി വിധികളും നിലനില്‍ക്കെ ഇത്തരമൊരു ആരോപണം ആറന്മുള സി.ഐ രാഹുല്‍ രവീന്ദ്രന് നേരെ ഉയരുമ്പോള്‍ ഇതിന്റെ സത്യാവസ്ഥയും പുറത്തുവരണം. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാകും. അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ സുതാര്യമായ നടപടികള്‍ ഉണ്ടാകണം.

പോലീസ് സേനയിലെ ചിലരുടെ പ്രവര്‍ത്തികള്‍ സമീപകാലത്ത് കേരളാ പോലീസിന് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കുന്നതാണ്. അടുത്തകാലത്ത്‌ ഉണ്ടായ പല നടപടികളും ഇത് ശരിവെക്കുന്നു. സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. എന്നാല്‍ ഇപ്പോഴും പോലീസ് മുറ പ്രയോഗിക്കുന്നവരാണ് ഇതിനപവാദം. ജനമൈത്രി പോലീസ് എന്ന ആശയത്തിലൂടെ ജനങ്ങളില്‍ വിശ്വാസമാര്‍ജ്ജിക്കുവാന്‍ തീവ്രശ്രമം നടത്തുമ്പോഴാണ് ഇത്തരം കരിനിഴലുകള്‍ പോലീസിനുമേല്‍ ഉണ്ടാകുന്നത്. ആരെയും കുറ്റവാളിയെന്നു കണ്ടാണ്‌ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം.

Top