ന്യുഡല്‍ഹി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റീസ് പി.ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി. രാജീവിന്റെ അമ്മ രാജമ്മയാണ് പരാതി നല്‍കിയത്. ഉദയഭാനുവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസിലെ അന്വേഷണം നിലയ്ക്കുന്നതിനു കാരണമായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ അഡ്വ. ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ കഴിയുന്നില്ല. ഉദയഭാനുവിന്റെ അറസ്റ്റ് വൈകുന്നതോടെ പോലീസിന് തെളിവു ശേഖരിക്കാന്‍ പോലും കഴിയുന്നില്ലെന്നും അന്വേഷണം പൂര്‍ണ്ണമായും നിലച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റീസ് പി. ഉബൈദ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതിനൊപ്പം പുതിയ ബെഞ്ച് കേസ് പരിഗണിക്കുന്നതുവരെ ഉദയഭാനുവിന്റെ അറസ്റ്റ് പാടില്ലെന്ന ഉത്തരവും നല്‍കിയിരുന്നു. ഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകന്‍ അഖിലിന്റെ അഭിഭാഷകനും കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഹര്‍ജിയില്‍ നിന്ന് ജസ്റ്റീസ് പി.ഉബൈദ് പിന്മാറിയത്.
സുപ്രീം കോടതിക്ക് അയച്ച പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നല്‍കിയിട്ടുണ്ട്. ഒരു ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒരു ജഡ്ജി പിന്മാറുന്നതിനെതിരെ സുപ്രീം കോടതിയില്‍ പരാതി എത്തുന്നത് അപൂര്‍വ്വമാണ്. ജഡ്ജിയുടെ നടപടി സാധാരണക്കാരന് നീതി നിഷേധിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 29നാണ് പരിയാരം തവളപ്പാറയിലെ കോണ്‍വെന്റിന്റെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് കരുതുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയി വസ്തു ഇടപാട് രേഖകളില്‍ ബലമായി ഒപ്പുവയ്പ്പിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു.
സോളാർ കേസിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും രാജിയിൽ നിന്നും രക്ഷപെടുത്തിയത് ഹൈക്കോടതിയുടെ ഉത്തവരാണ്. ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പുറമേ കീഴ്‌ക്ടോടി ജഡ്ജി വാസനെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. വിധി റദ്ദാക്കിയതിൽ ഉപരിയായി വിധി പുറപ്പെടുവിച്ച ജഡ്ജിയെ ഹൈക്കോടതി വിമർശിച്ചത് നിയമവൃത്തങ്ങളിൽ തന്നെ അമ്പരപ്പിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടത ജസ്റ്റിസ് പി. ഉബൈദിനെതിരെ കീഴ്‌ക്കോടതി ന്യായാധിപന്മാർ പരസ്യമായി രംഗത്തെത്തി. ജസ്റ്റിസിനെതിരെ ഹൈക്കോടതി ചീഫ്ജസ്റ്റിസിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും ഗവർണർക്കും പരാതി നൽകാൻ യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു . സംസ്ഥാനത്ത് ഇതാദ്യമാണ് ഇങ്ങനെയൊരു നടപടി ഉണ്ടായത് . ന്യായാധിപന്മാരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ യോഗത്തിലാണ് കടുത്ത പ്രതിഷേധവും തീരുമാനവും എടുത്തത്.
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരായി കേസെടുക്കണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വന്ന അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും വിജിലൻസ് ജഡ്ജി വാസനെ വ്യക്തിപരമായി വിമർശിക്കുകയും നടപടിയെടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷപരാമർശമാണ് ഹൈക്കോടതി ജഡ്ജി നടത്തിയത്. ഇങ്ങനെയുള്ള ഒരു ജഡ്ജിയെവച്ച് എങ്ങനെ മുന്നോട്ടുപോകുമെന്നും സ്വന്തം അധികാരമെന്താണെന്ന് ഈ ജഡ്ജിക്ക് അറിയില്ലെന്നുമുള്ള വിമർശനമായിരുന്നു വിജിലൻസ് ജഡ്ജി വാസനെതിരെ ഉണ്ടായത്.
മാത്രമല്ല ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ശുപാർ ചെയ്യുകയും ചെയ്തു. തുടർന്ന് സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് തൃശൂർ വിജിലൻസ് ജഡ്ജി ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് ജഡ്ജി വാസൻ സ്വയം വിരമിക്കാൻ തീരുമാനിക്കുകയും അവധിയിൽ പോവുകയും ചെയ്തു.ഈ സംഭവം മജിസ്‌ട്രേറ്റ് കോടതി മുതൽ ജില്ലാ ജഡ്ജിവരെയുള്ള ന്യായാധിപന്മാരുടെ സംഘടനയുടെ പ്രതിഷേധത്തിനിടയാക്കി. കീഴ്‌ക്കോടതി ഉത്തരവിൽ അപാകതയുണ്ടെങ്കിൽ റദ്ദാക്കുകയും തിരുത്തുകയും ചെയ്യാനുള്ള അധികാരം ഹൈക്കോടതി ജഡ്ജിമാർക്കുണ്ട്. തൊഴിൽപരമായ അപാകതയുണ്ടെങ്കിൽ മാത്രമേ കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ സാഹചര്യമുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ പരിധിവിട്ടതാണെന്നും ജനങ്ങളിൽ കോടതിയുടെ വിശ്വസ്യത തകർക്കാൻ ഇടയാകുമെന്നും സംഘടന വിലയിരുത്തി. സാധാരണ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് കീഴ്‌ക്കോടതികളെയാണ്. പരിചയസമ്പന്നരായ ജുഡീഷ്യൽ അംഗങ്ങളാണ് കീഴ്‌ക്കോടതികളിൽ പ്രവർത്തിക്കുന്നത്.
ചരിത്രത്തിലെ നീതിന്യായ വ്യവസ്ഥയിൽ ആദ്യമായിരിക്കും ഹൈക്കോടതി ജഡ്ജിക്കെതിരെ കീഴ്‌ക്കോടതി ജഡ്ജിമാർ രംഗത്തുവരുന്നത്. അതേസമയം തൃശൂർ വിജിലൻസ് ജഡ്ജി വാസനെതിരെ നടപടിക്ക് ശുപാർശ ചെയ്ത ജസ്റ്റിസിനെതിെര കേരള ലോയേഴ്‌സ് യൂണിയനും രംഗത്തുവന്നിരുന്നു . കേരളരാഷ്ട്രീയം രണ്ടരവർഷമായി കലുഷിതമാക്കുന്ന സോളാർ തട്ടിപ്പുകേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനുള്ള തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി ജസ്റ്റിസ് ടി ഉബൈദിന്റെ നടപടി ദുരൂഹത നിറഞ്ഞതാണെന്ന് കേരള ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രൻ പ്രസ്താവനയിൽ അന്ന് പറഞ്ഞത് .
ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ജഡ്ജിക്കെതിരെ നടത്തിയ പരാമർശങ്ങൾ അനുചിതവും അനവസരത്തിലുള്ളതുമാണ്. കീഴ്‌കോടതി വിധികൾ പരിശോധിക്കുമ്പോൾ ബന്ധപ്പെട്ട ജഡ്ജിമാരെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ കർശനമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് സദാശിവത്തിന്റേതടക്കം നിരവധി സുപ്രീംകോടതിവിധികളുണ്ട്. ഇവിടെ ഒരു കേസിന്റെ പ്രാഥമിക പരിശോധനാ സന്ദർഭത്തിൽ ഒരുഭാഗത്തിന്റെമാത്രം വാദംകേട്ട് ഉത്തരവിടുമ്പോൾ തന്നെ കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിവേണമെന്ന നിരീക്ഷണം ജുഡീഷ്യൽ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്നും വാദം ഉയർന്നിരുന്നു .
ലളിതകുമാരി കേസിൽ അസാധാരണ സന്ദർഭത്തിൽ കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധികാരവും സമ്പത്തും ഉപയോഗിച്ച് സോളാർ കേസ് അന്വേഷണം അട്ടിമറിച്ചതിൽ ഒരു ന്യായാധിപനും പങ്കുണ്ട്. സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നുവെങ്കിൽ ഇതിന്റെ നിജസ്ഥിതി അന്നുതന്നെ വെളിവാകുമായിരുന്നു. ഉമ്മൻ ചാണ്ടി ഉപയോഗിക്കുന്ന സലിംരാജിന്റെ ഫോൺ ശബ്ദരേഖ പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവിന് തൊട്ടടുത്തദിവസംതന്നെ എജി നേരിട്ട് ഹാജരായി ഡിവിഷൻബെഞ്ചിൽനിന്നും സ്റ്റേ വാങ്ങുകയായിരുന്നു. ഇല്ലെങ്കിൽ ഉമ്മൻ ചാണ്ടിയും സരിതയുമായുള്ള നിരവധി ഫോൺ സംഭാഷണങ്ങൾ പുറത്തുവരുമായിരുന്നു. സുപ്രധാനമായ ഈ രേഖകൾ നശിപ്പിച്ചതിന് ഐജി ജോസിനെതിരെ നടപടിക്ക് ഡിജിപി ശുപാർശ ചെയ്തിരുന്നു.കീഴ്‌ക്കോടതി ഉത്തരവിലെ പോസ്റ്റ് ഓഫീസ് പരാമർശം മാത്രം അടർത്തിയെടുത്ത് നിരവധി സുപ്രീംകോടതി വിധികളുടെ അന്തഃസത്ത ലംഘിച്ച് വിജിലൻസ് ജഡ്ജിയെ ക്രൂരമായി പരിഹസിച്ചതെന്നും രാജേന്ദ്രൻ ആരോപിച്ചിരുന്നു .
നേരത്തെ ജസ്റ്റിസ് പി ഉബൈദ് പുറപ്പെടുവിച്ച വിധികൾ വ്യാപകമായി ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തൃശ്ശൂർ കോടതി ജഡ്ജിയ എസ്എസ് വാസവന്റെയും ഉബൈദിന്റെയും സുപ്രധാന വിധികൾ എന്ന നിലയിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇങ്ങനെയുള്ള പോസ്റ്റിൽ ജസ്റ്റ്ിസ് പി ഉബൈദിന്റെ വിധികളായി കൊടുത്തത് ഇവയാണ്: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കെകെ ലതികയിലെ തുടർനടപടി സ്റ്റേ ചെയ്തതും ലാവലിൻ കേസിലെ പ്രതികളെ വെറുതെ വിട്ടത് സംശകരമെന്ന നിരക്ഷണവും ഇഎസ് ബിജിമോൾക്ക് എതിരെ അപകീർത്തികരമായി പ്രസംഗിച്ചെന്ന കേസിൽ എം എ വാഹിദിനെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞതും ഇദ്ദേഹത്തിന്റെ സുപ്രധാന വിധികളായിരുന്നു.മന്ത്രിമാർക്കെതിരായ കേസുകൾ എല്ലാം തന്നെ രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിക്കുക മാത്രം ചെയ്ത പി ഉബൈദിന്റെ വിധികളിലെ സാമ്യവും പലരും ചൂണ്ടിക്കാട്ടിയിരുന്നു.യുഡിഎഫിന് പിടിവള്ളിയായ ഈ ഉത്തരവുകള്‍ സിപിഎം നേതൃത്വത്തിന്റെ ചങ്കിടിപ്പിച്ചിരുന്നു .
ലാവ‌്‌ലിൻ കേസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചത് ജസ്റ്റീവസ് ഉബൈദ് ആയിരുന്നു . പിണറായി വിജയൻ ലാവ്‌ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമർശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തിയിരുന്നു .നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്നഭിപ്രായപ്പെട്ടിരുന്നു.