കോണ്ടം ഉപയോഗിക്കുന്ന അവിവാഹിതരായ വനിതകളുടെ എണ്ണത്തില്‍ ആറ് മടങ്ങ് വര്‍ധനയെന്ന് പഠനം

ന്യൂഡല്‍ഹി : രാജ്യത്ത് കോണ്ടം ഉപയോഗിക്കുന്ന അവിവാഹിതരായ വനിതകളുടെ എണ്ണത്തില്‍ ആറിരട്ടി വര്‍ധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വേ ഫലം. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന അവിവാഹിതരായ സ്ത്രീകളുടെ എണ്ണം 10 വര്‍ഷത്തിനിടെ 2 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-16 കാലയളവിലെ സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. 20 നും 24 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായി കോണ്ടം ഉപയോഗിക്കുന്നതെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 8 പുരുഷന്‍മാരില്‍ 3 പേരും,ഗര്‍ഭനിരോധനം സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്ന നിലപാടുകാരാണ്. എതെങ്കിലും ഒരു ഗര്‍ഭനിരോധന മാര്‍ഗത്തെക്കുറിച്ചെങ്കിലും 99 ശതമാനം വിവാഹിതകളും ബോധവതികളാണ്. 15 നും 49 നും ഇടയിലുള്ള പുരുഷന്‍മാര്‍ക്കും കുറഞ്ഞത് ഒരു ഗര്‍ഭനിരോധന മാര്‍ഗത്തെക്കുറിച്ചെങ്കിലും ധാരണയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഭൂരിപക്ഷം സ്ത്രീകളും പരമ്പരാഗത ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. അതായത് ആര്‍ത്തവക്രമം അനുസരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടോ അല്ലെങ്കില്‍ പിന്‍വലിക്കലിലൂടെയോ ആണിത്. ഗര്‍ഭനിരോധന ഗുളികകള്‍, കോണ്ടം, വന്ധ്യംകരണം, ഡയഫ്രാഗം തുടങ്ങിയവയാണ് ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍. 25 നും 49 നും ഇടയിലുള്ള വനിതകളില്‍ ഭൂരിപക്ഷവും വന്ധ്യംകരണമാണ് തെരഞ്ഞെടുക്കുന്നതെന്നും പഠനം പറയുന്നു. മണിപ്പൂര്‍, ബിഹാര്‍, മേഘാലയ എന്നിവയാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ 76 ശതമാനവുമായി പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്.

Top