സിക വൈറസ് പിടിപ്പെടുമെന്ന് ആശങ്ക; റിയോ ഓളിമ്പിക്‌സ് താരങ്ങള്‍ക്ക് കോണ്ടം നല്‍കി

zika

സിക വൈറസ് പിടിപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളോട് മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. സികയെ പ്രതിരോധിക്കാന്‍ മെക്‌സിക്കന്‍ താരങ്ങള്‍ക്ക് കോണ്ടം നല്‍കാനാണ് ഒളിമ്പിക് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സിക വൈറസ് ഭീതിയില്‍ ടെന്നീസ്, ഗോള്‍ഫ് താരങ്ങള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. സിക വൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ റിയോയില്‍ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. കൊതുക് നശീകരണത്തിനുള്ള മരുന്ന്, ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് ജെല്‍, കോണ്ടം എന്നിവയാണ് കിറ്റിലുള്ളത്. 124 കായിക താരങ്ങളാണ് മെക്സിക്കോയില്‍ നിന്ന് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ഇവരോടൊപ്പം പരിശീലകരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമുണ്ട്. സിക വൈറസ് ഭീഷണിയുള്ളതിനാല്‍ രണ്ട് സാക്രമിക രോഗശാസ്ത്രജ്ഞന്മാരും സംഘത്തിലുണ്ട്.

ബ്രസീലാണ് ഫുട്ബോളിന് വേദിയാകുന്നത്. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ സിക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ ഫുട്ബോള്‍ താരങ്ങള്‍ രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.ഒളിമ്പിക്സ് മത്സര ദിവസങ്ങളില്‍ പ്രതിരോധ മരുന്ന് ദിവസവും രണ്ട് പ്രാവശ്യം പുരട്ടണമെന്നാണ് ആരോഗ്യ സഹമന്ത്രി പാബ്ലോ കുരിയുടെ നിര്‍ദ്ദേശം.

മെക്സിക്കോയില്‍ 900 പേര്‍ക്ക് സിക രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവിടെ ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഒളിമ്പിക്സിനെത്തുന്ന മത്സരാര്‍ത്ഥികള്‍ ജാഗ്രരൂകരായിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top