ന്യൂഡല്‍ഹി: കുമ്പസാരക്കേസില്‍ പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ് സുപ്രീം കോടതിയില്‍. വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പരാതിക്കാരിയും സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന് പരാതിക്കാരി കോടതിയില്‍ അപ്പീല്‍ നല്‍കി.
കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വൈദികരുടെ ലൈംഗിക ശേഷി ഉള്‍പ്പെടെ പരിശോധിക്കണമെന്നും ഇവരെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യത്തിനും ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാദര്‍ ജയ്‌സ്.കെ.ജോര്‍ജുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ അപേക്ഷ നല്‍കി.
വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന ഹൈക്കോടതിയുടെ പരാമര്‍ശം നീക്കണമെന്നും തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. യുവതിയെ പീഡിപ്പിച്ചിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ തങ്ങളെ അനാവശ്യമായി വേട്ടയാടുകയാണ്. അന്വേഷണവുമായി സഹകരിക്കാമെന്നും വൈദികര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസും, നാലാം പ്രതിയായ ജെയ്‌സ് കെ.ജോര്‍ജിനെയും ഓഗസ്റ്റ് ആറുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആറാം തീയതിയ്ക്ക് മുന്‍പ് സംസ്ഥാനത്തോട് അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.